ഖലിസ്ഥാനി ഭീകരൻ നിജ്ജറിന്‍റെ കൊലപാതകത്തിൽ 3 പ്രതികൾ പിടിയിലായെന്ന് റിപ്പോർട്ട്

ഒട്വാവ: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് റിപ്പോർട്ട്. കൊലയാളി സംഘത്തിലുള്ളവര്‍ തങ്ങളുടെ പിടിയിലായെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചതായി കനേഡിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ നിരീക്ഷണത്തിലായിരുന്ന മൂന്ന് പ്രതികള്‍ പിടിയിലായതായി പൊലീസ് പറഞ്ഞെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സ്വദേശികളായ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവ‍ർ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെ തുടർന്നു വഷളായിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്.

Canadian police have made 3 arrests in khalistan separatist nijjar