
വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുമെന്ന് ഇക്കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. അര ദശലക്ഷം യുഎസ് പൗരന്മാരുടെ പങ്കാളികള്‍ക്കുള്ള വീസ നിയമങ്ങളില്‍ ഇളവ് വരുത്തിയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ യു.എസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തിയിരിക്കുകയാണ്. യുഎസ് പൗരത്വത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഗ്രീന്‍ കാര്‍ഡ്.
വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നു ആളുകളെ നിയമിക്കാന്‍ ടെക് കമ്പനികളെ സഹായിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് കമ്പനികള്‍ക്ക് മിടുക്കരായ ആളുകളെ ആവശ്യമാണ്. എന്നാല്‍ അവര്‍ക്കു രാജ്യത്ത് തുടരാന്‍ കഴിയാത്തതിനാല്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ ഭാഗമായാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ട്രംപ് നിര്‍ണ്ണായക നീക്കം നടത്തിയത്. ഇന്ത്യന്‍ ടെക്കികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള എച്ച് 1ബി വീസകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കന്‍ പൗരന്മാരായ തൊഴിലാളികള്‍ക്കു മുന്‍ഗണന നല്‍കുമെന്നും 2016ല്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചുവടുമാറ്റമാണ് പുതിയ നിലപാടിലൂടെ ട്രംപ് വരുത്തിയിരിക്കുന്നത്.














