
കൊൽക്കത്ത: കൊൽക്കത്തയിലെ ബലാത്സംഗക്കേസിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങി സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി. ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കൽ കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രിക്ക് സമീപം നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം 9നാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി ഡോക്ടറെ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.