സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് കേന്ദ്രത്തിന്റെ ‘കട്ട്’: കൂടുതല്‍ ഉത്തരവാദിത്വം നല്‍കി, ആഴ്ചയില്‍ 4 ദിവസം എങ്കിലും മന്ത്രാലയത്തില്‍ ഉണ്ടാവണം

ന്യൂഡല്‍ഹി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് ‘കട്ട്’ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ആഴ്ചയില്‍ 3 , 4 ദിവസം എങ്കിലും മന്ത്രാലയത്തില്‍ ഉണ്ടാവണമെന്നാണ് പുതിയ നിര്‍ദേശം. മാത്രമല്ല, സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്വവും കേന്ദ്രം നല്‍കി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ നാല് ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയില്‍ ഇല്ലെങ്കില്‍ റോസ്റ്റര്‍ ചുമതലയുള്ള മന്ത്രിയാണ് മറുപടി നല്‍കേണ്ടത്.

കൂടാതെ, ഇറ്റലിയില്‍ ഈമാസം 13 മുതല്‍ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ സുരേഷ് ഗോപിയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ചുമതലകള്‍ നല്‍കിയത്.

അതേസമയം, സിനിമയിലെ കഥാപാത്രത്തിനായി നിലനിര്‍ത്തിയിരുന്ന പ്രത്യേക താടിയും മീശയും അദ്ദേഹം നീക്കം ചെയ്തു. സിനിമ വര്‍ഷത്തില്‍ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് സുരേഷ്‌ഗോപി ഏറ്റിട്ടുണ്ട്. ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടുമില്ല.

More Stories from this section

family-dental
witywide