സെൻസർ ബോർഡ് അനുമതിയില്ല; സുരേഷ് ​ഗോപിയുടെ ‘ജെഎസ്കെ’ റിലീസ് മാറ്റി

കൊച്ചി: ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസര്‍ ബോര്‍ഡ്. ഏറ്റവും പുതിയ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനത്തിനാനുമതിയാണ് സെൻസര്‍ ബോര്‍ഡ് നിഷേധിച്ചത്. ജാനകി എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നും ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം. യാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഇക്കാര്യം സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു. കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന് നേരത്തെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അനുപമ പരമേശ്വരനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2022ൽ പ്രഖ്യാപിച്ച സിനിമ ജെഎസ്കെ കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റിലീസ് പ്രഖ്യാപിച്ചത്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.