ഭൂമി പൊതു വാസസ്ഥലമാണെന്ന മാര്‍പാപ്പയുടെ സന്ദേശമാണ് ഈ ഓണക്കാലത്ത് എല്ലാവരും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതെന്ന് ബിനോയ് വിശ്വം; വേറിട്ട സന്ദേശവുമായി കെസിഎസ് ചിക്കാഗോ ഓണാഘോഷം

ചിക്കാഗോ: വര്‍ണ്ണപ്പകിട്ടിനൊപ്പം ഗൗരവമായ ചിന്തകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓണാഘോഷമായിരുന്നു ചിക്കാഗോ കെ.സി.എസിന്റെ നേതൃത്വത്തില്‍ നടന്നത്. പണം ഉണ്ടാക്കലാണ് എല്ലാത്തിനും വലുതെന്ന് കരുതിയാല്‍ വിശ്വാസവും മതവും പറയുന്ന മൂല്യങ്ങളെല്ലാം തകര്‍ന്നുവീഴുമെന്ന് ഓണാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍  രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. കൊട്ടാരം പോലുള്ള വീടുകളും വലിയ അക്ക ബാങ്ക് ബാലന്‍സുമല്ല, ശ്വസിക്കാന്‍ നല്ല വായു ഉറപ്പുള്ള ഭൂമിയാണ് വരും തലമുറകള്‍ക്കായി നമ്മള്‍ കാത്തുവെക്കേണ്ടതെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

ഭൂമി സര്‍വ്വം സഹയല്ല എന്ന് എല്ലാവരും ഓര്‍ക്കണം. വയനാട്ടില്‍ ഉണ്ടായ ദുരന്തം ഭൂമി നല്‍കിയ മുന്നറിയിപ്പാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ വലിയ ആദരവോടെ കാണുന്ന ആളാണ് താന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മ്യൂണിസ്റ്റല്ല. പക്ഷെ, അദ്ദേഹം പറയുന്നത് സാധാരണ മനുഷ്യരുടെ ദുഖങ്ങളും പ്രയാസങ്ങളുമാണ്. മാര്‍പ്പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ ലാദാസ്തോസി ദൈവ സ്തുതിയെ കുറിച്ചുള്ള സന്ദേശാണ്. ആ ലേഖനം ആഴത്തില്‍ വായിച്ചാല്‍ അതില്‍ പറയുന്നത് മനുഷ്യനെ സ്തുതിക്കണമെന്നാണ്. ഭൂമി എന്നത് പൊതുവാസസ്ഥലം എന്നാണ് മാര്‍പ്പാപ്പ പറയുന്നത്. എന്നുവെച്ചാല്‍ ഭൂമിയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. അവിടെ ക്രിസ്ത്യാനിയെന്നോ, ക്നാനായക്കാരനെന്നോ ഹിന്ദുവെന്നോ, മുസ്ളീമെന്നോ ഉള്ള വ്യത്യാസമില്ല. മനുഷ്യനാണ് അവസാന വാക്ക്. അല്ലാതെ ജാതിയോ മതമോ അല്ല. മാര്‍പ്പാപ്പയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ക്രിസ്തുവിനെയാണ് ഓര്‍മ്മവരിക. ഈ ഓണക്കാലം ജാതിയുടേയോ, മതത്തിന്റേയോ അതിര്‍ വരമ്പുകളില്ലാതെ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലങ്ങളില്ലാതെ, ഭൂമിയുടെ നല്ല ഭാവിക്ക് വേണ്ടിയുള്ള ഒത്തുചേരലായി മാറണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കടുത്തുരുത്തി പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ജിതിന്‍ എന്നിവര്‍ പറഞ്ഞു. ഫാ. സിജു മുടക്കോടിയിലും ചടങ്ങില്‍ സംസാരിച്ചു.

ഓണാഘോഷ പരിപാടിയുടെ ഏകോപനം കെ.സി.എസ് ജനറല്‍ സെക്രട്ടറി ഷിബു കുളങ്ങര നിര്‍വ്വഹിച്ചു. 

പ്രശസ്ത സിനിമ താരം ആന്‍ അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു. ചിക്കാഗോയിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമെന്നായിരുന്നു ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്. ഓണപ്പാട്ടോടെയായിരുന്നു ആഘോഷ പരിപാടിക്ക് തുടക്കമായത്. സജി, ലിഡിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മനോഹരമായ ഓണപ്പാട്ട് അവതരിപ്പിച്ചത്. ചടങ്ങില്‍ ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ജയിന്‍ മാക്കില്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഓണം എന്ന മുന്നോട്ടുവെക്കുന്നത്. ആ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് കെ.സി.എസ് എല്ലാ വര്‍ഷവും ഓണം വിപുലമായി ആഘോഷിക്കുന്നതെന്നും ജയിന്‍ മാക്കില്‍ പറഞ്ഞു.

കെ.സി.സി.എന്‍.എയുടെ ഐക്യമാണ് ഇത്തരം
കൂട്ടായ്മകളുടെ വിജയമെന്ന് ചടങ്ങില്‍ സംസാരിച്ച കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് പ്രസംഗിച്ചു. കെ.സി.എസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടില്‍ സ്വാഗത പ്രസംഗം നടത്തി.

കെ.സി.സി.എന്‍.എ ചിക്കാഗോ ആര്‍വിപി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഫാ. സിജു മുടക്കോടിയില്‍, കടുത്തുരുത്തി പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ജിതിൻ, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ.ട്രഷറര്‍ തോമസുകുട്ടി തേക്കിന്‍കാട്ടില്‍, അഭിലാഷ് നെല്ലാമറ്റം, മജു വട്ടപ്പള്ളി, ഷൈനി വിരുതികുളങ്ങര, ടോസ്മ കൈതക്കത്തൊട്ടിയില്‍, ആല്‍വിന്‍ പിണര്‍ക്കയില്‍, ആല്‍ബിന്‍ പുലിക്കുന്നേല്‍, ബെനഡിറ്റ് തിരുന്നെല്ലിപറമ്പില്‍, ടോം പുത്തന്‍പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Chicago KCS Onam Celebration

More Stories from this section

family-dental
witywide