ചിക്കാഗോ വടംവലി മാമാങ്കം: ഹാട്രിക് വിജയവുമായി കോട്ടയം ബ്രദേഴ്‌സ്; വനിതാ വിഭാഗത്തില്‍ ഹൂസ്റ്റണ്‍ വാരിയേഴ്‌സ് ജേതാക്കള്‍

ചിക്കാഗോ: പോരാട്ടത്തിനു പേരു കേട്ട വടംവലിയുടെ താര തമ്പുരാക്കന്മാർ പോരിനിറങ്ങിയ ചിക്കാഗോയുടെ മണ്ണിൽ ഹാട്രിക് വിജയവുമായി സിറിയക് കൂവക്കാട്ടിൽ സ്‌പോണ്‍സര്‍ ചെയ്യുന്ന കോട്ടയം ബ്രദേഴ്‌സ് കാനഡ കിരീടം ചൂടി. കാനഡ ടീം ഗ്ലാഡിയേറ്റേഴ്‌സ് രണ്ടാം സ്ഥാനം നേടി.

വനിതാ വിഭാഗത്തില്‍, കരുത്തറിയിച്ച പെണ്‍പുലികള്‍ ഹൂസ്റ്റണ്‍ വാരിയേഴ്‌സാണ് ജേതാക്കള്‍.

വടംവലിയുടെ ലോകകപ്പ് എന്നറിയപ്പെടുന്ന ഈ വടംവലി മൽസരം ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. സോഷ്യൽ ക്ലബിൻ്റെ 10ാംമത് വടംവലി ചാംപ്യൻഷിപ്പായിരുന്നു ഇത്. സെപ്റ്റംബർ 2 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി അങ്കണത്തിൽ (Address: 7800 Lyons St, Morton Grove, IL 60053) ആണു വടംവലി മത്സരം നടന്നത്. കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ഫാ. ജിതിൻ വല്ലാർക്കാട്ടിൽ , ഫാ. ജിൻസ് ചേത്തലിൽ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ വടംവലി മത്സരത്തിൽ മാറ്റുരച്ചു. ഹ്യൂസ്റ്റൺ ബ്രദേഴ്‌സ് , ഹ്യൂസ്റ്റൺ ഗരുഡൻസ് , ഹ്യൂസ്റ്റൻസ് കൊമ്പൻസ് , ഡാളസ് ആഹാ, ഡാളസ് കൊമ്പൻസ്, ടൊറന്റോ ടീം ഗരുഡൻസ്, കെ.ബി.സി കാനഡ, കാനഡ ടീം ഗ്ലാഡിയേറ്റേഴ്‌സ് , ലണ്ടൻ ഗ്ലാഡിയേറ്റേഴ്‌സ് . ഹോക്സ് കാനഡ, ടാമ്പാ ടസ്‌കേഴ്‌സ് , അരീക്കര അച്ചായൻസ് , അരീക്കര അച്ചായൻസ് ബി ടീം, ന്യൂയോർക്ക് കിങ്‌സ് , കുവൈറ്റ് സെവൻസ്, ഐർലൻഡ് ആഹാ സെവൻസ്, തൊടുകൻസ് യു.കെ , ഹ്യൂസ്റ്റൺ റോയൽസ്  എന്നീ ടീമുകളാണ് ആവേശകരമായ മത്സരത്തിൽ പങ്കെടുത്തത്.

 നിണൽ മുണ്ടപ്ലാക്കൽ , ജോസ് ഇടിയാലി  എന്നിവരായിരുന്നു റഫറിമാർ.

സജി പുതൃക്കയിൽ, റൊണാൾഡ് പൂക്കുമ്പേൽ എന്നിവരായിരുന്നു കമൻ്റേറ്റർമാർ.

നോർത്ത് അമേരിക്കയിലുള്ള എല്ലാ കായിക പ്രേമികളുടേയും പിന്തുണയ്ക്ക് ടുർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ , ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ മാനി കരികുളം, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ നന്ദി അറിയിച്ചു.

ആഘോഷം രണ്ടു ദിവസമായിരുന്നു. സെപ്റ്റംബർ 1 ഞായർ 5 മണിക്ക് ബെൽവുഡ് മാർ തോമാശ്ലീഹ കത്തീഡ്രൽ പള്ളി പാരിഷ് ഹാൾ അങ്കണത്തിൽ സോഷ്യൽ മേള – 2024 സംഘടിപ്പിച്ചു. സോഷ്യൽ മേളയുടെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കികൊണ്ട് ഫുഡ് ഫെസ്റ്റിവലും ഗോൾഡ് റഷ് ഗെയിമിങ് സ്പോൺസർ ചെയ്ത രമേഷ് പിഷാരടിയും മഞ്ജരിയും പങ്കെടുത്ത സ്‌റ്റേജ് ഷോയും അരങ്ങേറി.

ചിക്കാഗോ സോഷ്യല്‍ ക്ളബ് – മലയാളികളുടെ അഭിമാനം

നോർത്ത് അമേരിക്കയിൽ നടക്കുന്ന, ഏറ്റവും വലിയ വടംവലി മൽസരമാണ് ചിക്കോഗോയിലേത്. ചിക്കാഗോ സോഷ്യല്‍ ക്ളബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് വടംവലി മൽസരമാണ് ഇത്. ചിക്കാഗോയിൽ നടന്ന ഈ വിസ്മയ വിനോദം എല്ലാ മലയാളികൾക്കുമുള്ള ഓണ സമ്മാനമാണെന്ന് സോഷ്യൽ ക്ലബ് പ്രസിഡന്റ്-സിബി കദളിമറ്റം, സെക്രട്ടറി – സിബി കൈതക്കത്തൊട്ടിയിൽ, ട്രഷറർ ജോമോൻ തൊടുകയിൽ, വൈസ് പ്രസിഡൻ്റ് ജെസ്മോൻ പുറമഠത്തിൽ, ജോ. സെക്രട്ടറി സാബു പടിഞ്ഞാറേൽ എന്നിവർ പറഞ്ഞു .

അമ്പരപ്പിക്കുന്ന സമ്മാനത്തുക

11111 ഡോളറാണ് വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. ഒന്നാം സമ്മാന ജേതാക്കള്‍ക്കുള്ള മാണി നെടിയകാലയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 11111 ഡോളറും സ്പോണ്‍സര്‍ ചെയ്തത് ജോയ് നെടിയകാലയിലാണ്. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള 5555 സമ്മാനത്തുകയും ജോയ് മുണ്ടപ്ളാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് ഫിലിപ്പ് മുണ്ടപ്ളാക്കലാണ്. മൂന്നാം സ്ഥാനത്തിനുള്ള 3333 ഡോളർ സമ്മാനത്തുകയും ചാക്കോ കിഴക്കേക്കൂറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് എലൈറ്റ് ഗെയ്മിങ്ങാണ്. നാലാം സമ്മാന ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് 1111 ഡോളറാണ്. മാംഗല്യ ജ്വല്ലറിയാണ് നാലാം സമ്മാനം സ്പോണ്‍സര്‍ ചെയ്തത് .

ഫോട്ടോ : ഷൈജു സെല്ലുലോയ്ഡ്

Chicago Social Club 10th tug of war Competition ended