
ചിക്കാഗോ: ആ ദിനം ആഗതമായിരിക്കുന്നു. ചിക്കാഗോയിൽ ആവേശത്തിരമാലകൾ അലയടിക്കും ദിനം. പോരാട്ടിത്തിൻ്റെ പെരുമയുള്ള വടംവലിയുടെ താര തമ്പുരാക്കന്മാർ പോർകച്ച മുറുക്കി തയാറായിരിക്കുകയാണ്. അവരുടെ പെരുംപോരാട്ടം കാണാൻ നോർത്ത് അമേരിക്കയിലെ മലയാളികളെല്ലാം ചിക്കാഗോയുടെ മണ്ണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ കണ്ണുകളും ചിക്കാഗോയിലേക്ക്.. ഇനി ഏതാനും മണിക്കൂറുകൾ മാത്രം, ആഘോഷം തുടങ്ങുകയായി.

ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സര പരിപാടികൾക്ക് ഇന്ന് (സെപ്റ്റംബർ 1 ഞായർ) 5 മണിക്ക് ബെൽവുഡ് മാർ തോമാശ്ലീഹ കത്തീഡ്രൽ പള്ളി പാരിഷ് ഹാളിൽ തിരിതെളിയും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ വടംവലി മത്സരത്തിൽ മാറ്റുരയ്ക്കും. നോർത്ത് അമേരിക്കയിലുള്ള എല്ലാ കായിക പ്രേമികളേയും ഈ സുന്ദര അവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടുർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ , ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ മാനി കരികുളം, പിആർഒ മാത്യു തട്ടാമറ്റം , ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ ജോസ് മണക്കാട്ട്എന്നിവർ അറിയിച്ചു. ആദ്യമായി വനിതകളുടെ വടംവലി മൽസരവും ഇത്തവണ നടക്കും.

വടംവലി നാളെ 10 മണി മുതൽ
ആഘോഷം രണ്ടു ദിവസമാണ്. പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എംപി ഫ്രാൻസിസ് ജോർജ് നിർവഹിക്കും. സെപ്റ്റംബർ 1 ഞായർ 5 മണിക്ക് ബെൽവുഡ് മാർ തോമാശ്ലീഹ കത്തീഡ്രൽ പള്ളി പാരിഷ് ഹാൾ അങ്കണത്തിൽ സോഷ്യൽ മേള – 2024 സംഘടിപ്പിക്കും. (Address: 5000 St Charles Rd, Bellwood, IL 60104) സോഷ്യൽ മേളയുടെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കികൊണ്ട് ഫുഡ് ഫെസ്റ്റിവലും ഗോൾഡ് റഷ് ഗെയിമിങ് സ്പോൺസർ ചെയ്യുന്ന രമേഷ് പിഷാരടിയും മഞ്ജരിയും നയിക്കുന്ന സ്‌റ്റേജ് ഷോയും അരങ്ങേറും. പ്രവേശനം സൗജന്യം. സെപ്റ്റംബർ 2 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി അങ്കണത്തിൽ (Address: 7800 Lyons St, Morton Grove, IL 60053) ആണു വടംവലി മത്സരം .

ചിക്കാഗോ സോഷ്യല്‍ ക്ളബ് – മലയാളികളുടെ അഭിമാനം
നോർത്ത് അമേരിക്കയിൽ നടക്കുന്ന, ഏറ്റവും വലിയ വടംവലി മൽസരമാണ് ചിക്കോഗോയിലേത്. ചിക്കാഗോ സോഷ്യല്‍ ക്ളബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് വടംവലി മൽസരമാണ് ഇത്. ശക്തിയും ബുദ്ധിയും ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന ഈ വിസ്മയ വിനോദം എല്ലാ മലയാളികൾക്കുമുള്ള ഓണ സമ്മാനമാണെന്ന് സോഷ്യൽ ക്ലബ് പ്രസിഡന്റ്-സിബി കദളിമറ്റം, സെക്രട്ടറി – സിബി കൈതക്കത്തൊട്ടിയിൽ, ട്രഷറർ ജോമോൻ തൊടുകയിൽ, വൈസ് പ്രസിഡൻ്റ് ജെസ്മോൻ പുറമഠത്തിൽ, ജോ. സെക്രട്ടറി സാബു പടിഞ്ഞാറേൽ എന്നിവർ പറഞ്ഞു .
അമ്പരപ്പിക്കുന്ന സമ്മാനത്തുക
11111 ഡോളറാണ് വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. ഒന്നാം സമ്മാന ജേതാക്കള്‍ക്കുള്ള മാണി നെടിയകാലയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 11111 ഡോളറും സ്പോണ്‍സര്‍ ചെയ്യുന്നത് ജോയ് നെടിയകാലയിലാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിനുള്ള 5555 സമ്മാനത്തുകയും ജോയ് മുണ്ടപ്ളാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്യുന്നത് ഫിലിപ്പ് മുണ്ടപ്ളാക്കലാണ്. മൂന്നാം സ്ഥാനത്തിനുള്ള 3333 ഡോളർ സമ്മാനത്തുകയും ചാക്കോ കിഴക്കേക്കൂറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്യുന്നത് എലൈറ്റ് ഗെയ്മിങ്ങാണ്. നാലാം സമ്മാന ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് 1111 ഡോളറാണ്. മാംഗല്യ ജ്വല്ലറിയാണ് നാലാം സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത് .
പടയ്ക്ക് തയാറായി കരുത്തന്മാർ
ഹ്യൂസ്റ്റൺ ബ്രദേഴ്‌സ് , ഹ്യൂസ്റ്റൺ ഗരുഡൻസ് , ഹ്യൂസ്റ്റൻസ് കൊമ്പൻസ് , ഡാളസ് ആഹാ, ഡാളസ് കൊമ്പൻസ്, ടൊറന്റോ ടീം ഗരുഡൻസ്, കെ.ബി.സി കാനഡ, കാനഡ ടീം ഗ്ലാഡിയേറ്റേഴ്‌സ് , ലണ്ടൻ ഗ്ലാഡിയേറ്റേഴ്‌സ് . ഹോക്സ് കാനഡ, ടാമ്പാ ടസ്‌കേഴ്‌സ് , അരീക്കര അച്ചായൻസ് , അരീക്കര അച്ചായൻസ് ബി ടീം, ന്യൂയോർക്ക് കിങ്‌സ് , കുവൈറ്റ് സെവൻസ്, ഐർലൻഡ് ആഹാ സെവൻസ്, തൊടുകൻസ് യു.കെ , ഹ്യൂസ്റ്റൺ റോയൽസ് എന്നീ ടീമുകളാണ് ആവേശകരമായ മത്സരത്തിൽ അണിചേരുക
Chicago Social Club Tug Of War Competition to begin today