“രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെട്ടിരുന്നില്ല, സത്യം പുറത്തുവരുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തു”; തെലങ്കാന പൊലീസ് കേസ് അവസാനിപ്പിക്കുന്നു

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട പ്രമാദമായ കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി തെലങ്കാന പൊലീസ്. ക്ലോഷര്‍ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെട്ടിരുന്നില്ലെന്നും യഥാര്‍ഥ ജാതി വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ സംബന്ധിച്ച തെളിവുകളൊന്നും ലഭ്യമല്ല, ആരും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയല്ല ക്ലോഷര്‍ റിപ്പോര്‍ട്ടിൽ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുലയ്ക്ക് അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞാൽ അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തരഭയമായിരുന്നുവെന്നും അന്ന് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ജീവിതത്തില്‍ തൃപ്തനല്ലായിരുന്നു. കാംപസില്‍ പഠനപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു താൽപര്യം. ജാതി തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയക്ക് തയ്യാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.