
ന്യൂഡല്‍ഹി: യൂറോപ്പില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാര്‍ക്കിടയിലെ കോണ്ടം ഉപയോഗം ഗണ്യമായി കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ തോത് ആശങ്കാജനകമായി ഉയര്‍ന്നതായും സംഘടന വ്യാഴാഴ്ച പറഞ്ഞു. ഇതിലൂടെ ലൈംഗികമായി പകരുന്ന അണുബാധകള്‍ക്കും (എസ്ടിഐ) ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണത്തിനും കാരണമാകുമെന്നും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴി വെക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മധ്യേഷ്യ ഉള്‍പ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ 42 രാജ്യങ്ങളിലായി 242,000-ത്തിലധികം 15 വയസ്സുള്ളവരില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭ്യമായത്. 2014 ലെയും 2022 ലെയും വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും കോണ്ടം ഉപയോഗിച്ചുള്ള ലൈംഗികതയില്‍ 70 ശതമാനത്തില്‍ നിന്ന് 61 ശതമാനമായുള്ള കുറവ് കാണിക്കുന്നുണ്ട്.
പഠന വിധേയമാക്കിയ കൗമാരക്കാരില്‍ ഏതാണ്ട് മൂന്നിലൊന്ന് പേരും തങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കോണ്ടം അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതായി സംഘടന വെളിപ്പെടുത്തി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കൗമാരക്കാര്‍ കോണ്ടം അല്ലെങ്കില്‍ ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.
പ്രായത്തിന് അനുയോജ്യമായ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം പല രാജ്യങ്ങളിലും അവഗണിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ അഭിപ്രായപ്പെട്ടു.