ദേശാഭിമാനിയിലെ ‘പോണ്‍ഗ്രസ്’ പരാമർശം എംവി ഗോവിന്ദന്‍റെ അറിവോടെ, തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: ദേശാഭിമാനിയിലെ ‘പോണ്‍ഗ്രസ്’ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ അറിവോടെയാണ് ഏപ്രില്‍ 18 ലെ ദേശാഭിമാനി പത്രത്തിൽ കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്ന് പരാമർശിച്ചതെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ പരാതിയിൽ ചൂണ്ടികാട്ടി. ഇതിനെതിരേ പെരുമാറ്റച്ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ഹസന്‍റെ വാക്കുകൾ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18 ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ അറിവോടെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇതിനെതിരേ പെരുമാറ്റച്ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം ‘പോണ്‍ഗ്രസ്’ എന്നു വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. വടകരയില്‍ യുഡിഎഫ് സ്ഥാനര്‍ത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നത്. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍നിന്ന് ഇത്തരമൊരു സമീപനം തീരെ പ്രതീക്ഷിച്ചില്ല. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

congress complaint against deshabhimani congress statement