ഇപി പറഞ്ഞതുതന്നെ ശരി! ആത്മകഥക്ക് ഡിസി ബുക്സുമായി കരാറില്ല, ചോർന്നത് ഡിസിയിൽ നിന്നെന്നും അന്വേഷണ റിപ്പോർട്ട്; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഇപി

തിരുവനന്തപുരം: വയനാട് – ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ ‘ആത്മകഥ’ വിവാദത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. ഇ പി ജയരാജന്‍റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇ പിയും ഡി സി ബുക്സും തമ്മിൽ രേഖാമൂലം ഒരു കരാറും ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

ആത്മകഥാ വിവാദത്തിൽ ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. ഡി സി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡി ജി പിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. എന്നാൽ ചോർച്ച സ്ഥിരീകരിക്കുമ്പോഴും ആത്മകഥ എങ്ങനെ ഡി സിയിലെത്തിയെന്നതിനും എന്തിന് ചോർത്തി എന്നതിനും പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കണക്കിലെടുക്കുന്നത്. ഗൂഢാലോചനയുുണ്ടെന്നായിരുന്നു ഇ പിയുടെ നിലപാട്. പക്ഷെ ഗൂഢാലോചനയിലടക്കം കേസെടുക്കണമെങ്കിൽ പരാതിക്കാരനായ ഇ പി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്.

അതിനിടെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ശരിവച്ച് ഇ പിയും രംഗത്തെത്തി. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞതെന്നാണ് ഇ പി പറഞ്ഞത്. ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്ന് തന്നെയാണ്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide