
നടന്‍ ധനുഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ നടി നയന്‍താരയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം.
നയന്‍താരയുടെ കരിയറും പ്രണയവും വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ ട്രെയിലര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് വിവാദം ആരംഭിച്ചത്.
നാനും റൗഡിതാനിലെ ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനുള്ള എന്‍ഒസി (ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ ധനുഷ് വിസമ്മതിച്ചുവെന്നും ഇപ്പോള്‍, ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ 3 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ബിടിഎസ് ദൃശ്യങ്ങള്‍ക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നും നയന്‍താര തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ വ്യാജ അക്കൗണ്ടുകളിലൂടെ അടക്കം നയന്‍താരയെയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെയും അധിക്ഷേപിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിഘ്‌നേഷ് സംവിധാനം ചെയ്തു നയന്‍താര നായികയായി അഭിനയിച്ച ചിത്രമാണ് ‘നാനും റൗഡി താന്‍.’ ഈ ചിത്രം വൈകാന്‍ കാരണമായത് നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയമാണെന്നും, ഇത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ അവകാശവാദമുണ്ട്. ഡോക്യുമെന്ററിയ്‌ക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.
ധനുഷിനെ അനുകൂലിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, നയന്‍താരക്ക് പിന്തുണയുമായി മലയാളം- തമിഴ് ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ വിവാദത്തില്‍ പ്രതികരിക്കാന്‍ ധനുഷ് തയ്യാറായിട്ടില്ല.