
നോര്‍ത്ത് കരോലിന: എസി ഓണ്‍ അല്ലാതിരുന്നതിനാല്‍ 8 വയസുകാരിയായ മകള്‍ കാറിനുള്ളില്‍ കടുത്ത ചൂടേറ്റ് മരിച്ചതില്‍ അമ്മയെ അറസ്റ്റു ചെയ്തു. 36 കാരിയായ അമ്മയുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
നോര്‍ത്ത് കരോലിനയിലെ ആഷ്ലി സ്റ്റാലിംഗ്‌സ് എന്ന യുവതിയെയാണ് നരഹത്യ, കുട്ടികളെ മനഃപൂര്‍വ്വം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തത്. ജൂണ്‍ 26 നായിരുന്നു സംഭവം.
യുവതി, ചൂടുള്ള കാലാവസ്ഥയ്ക്കിടയില്‍ മകളെ കാറിനുള്ളില്‍ ഇരുത്തി അവളുടെ ഓഫീസിലേക്ക് പോയി. താന്‍ കാറിന്റെ എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്തു, പക്ഷേ ‘മകള്‍ തണുപ്പ് കാരണം ഓഫ് ചെയ്തുവെന്നാണ് കരുതിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
ഏകദേശം ഒന്നര മണിക്കൂറിന് ശേഷം വാഹനത്തിലേക്ക് മടങ്ങിയെത്തിയ അമ്മ, മകളെ അപകടാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്‍സീറ്റിലിരുന്ന കുട്ടിയുടെ ശ്വാസത്തിന്റെ വേഗം കുറഞ്ഞതും വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലുമായിരുന്നു. ഒരു ചുറ്റിക ഉപയോഗിച്ച് യുവതി പുറകിലെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
പുറത്ത് താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും മകളെ കാറിനുള്ളില്‍ ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും അമ്മ പൊലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.














