
പത്തനംതിട്ട: യാത്ര അയപ്പു സമ്മേളനത്തിനിടെ അഴിമതി ആരോപണത്തില്‍ അപമാനിക്കപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
കണ്ണൂര്‍ എഡിഎം നവീന്റെ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി ഇന്നലെ അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കിയതായാണ് വിവരം. അതേസമയം, നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.