
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ എസ്‌ക് അന്യായമായി പിരിച്ചുവിട്ട ജീവനക്കാരന് 5 കോടി രൂപ നല്‍കാന്‍ എക്സിനോട് ഉത്തരവിട്ട് അയര്‍ലണ്ടിലെ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍.
മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം, ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് 2022ലായിരുന്നു. തുടര്‍ന്ന് വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് തുടരാമെന്ന് മസ്‌ക് നിര്‍ദേശം മുന്നോട്ടുവെച്ചു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഡിസംബറില്‍ ഗാരി റൂണി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കമ്പനി മെയില്‍ അയച്ചു. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി പിരിഞ്ഞുപോകാം എന്നു കാണിച്ചായിരുന്നു മെയില്‍ അയച്ചത്.
ഈ മെയിലിനോട് പ്രതികരിക്കാന്‍ ഒരു ദിവസം സമയവും നല്‍കി. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ പ്രതികരിക്കാതിരുന്ന റൂണിയെ കമ്പനി പിരിച്ചുവിട്ടു. അന്യായമായി തന്നെ പിരിച്ചുവിട്ടെന്ന് കാട്ടി റൂണി നിയമ നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇതിലാണ് റൂണിക്ക് അനുകൂലമായി വിധി എത്തിയത്. 602,640 ഡോളര്‍ (ഏകദേശം 5 കോടി രൂപ) നല്‍കാന്‍ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
2013 സെപ്റ്റംബര്‍ മുതല്‍ എക്സില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പിരിച്ചുവിടല്‍ സമയത്ത് റൂണി ഒരു സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു.














