
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറി.
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിസിസി പ്രസിഡന്റ് പദത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു. പിസിസിയുടെ നിര്‍ദേശങ്ങള്‍ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി വീറ്റോചെയ്യുന്നുവെന്ന് ഖാര്‍ഗെക്ക് എഴുതിയ കത്തില്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലി ആരോപിച്ചു. ഡല്‍ഹിയില്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേയും ബിജെപി വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേയും സ്ഥാര്‍ഥികള്‍ തീര്‍ത്തും അപരിചിതരാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ബ്ലോക്ക് തലത്തിലുള്ള നിയമനങ്ങളില്‍ പോലും പിസിസി പ്രസിഡന്റിന് അധികാരം നല്‍കുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ബ്ലോക്ക് കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ജീവമായ സ്ഥിതിയിലാണ്. എഎപി സഖ്യത്തിലെ തുടര്‍നടപടികള്‍ തന്നോട് കൂടിയാലോചിച്ചില്ല. കനയ്യകുമാറിന്റെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് താന്‍ അറിഞ്ഞതെന്നും അരവിന്ദര്‍ സിങ് ചൂണ്ടിക്കാട്ടുന്നു.