
ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻന് തിങ്കളാഴ്ച മുതൽ ചിക്കാഗോയിൽ തുടക്കമാവുന്നു. നാലു ദിവസം തുടരുന്ന കൺവെൻഷൻ 22നു സമാപിക്കും. അമേരിക്കൻ ഐക്യനാടുകളിലെ മറ്റൊരു നഗരവും ഇത്രയധികം പ്രസിഡൻഷ്യൽ കൺവെൻഷനുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടില്ല. 25 നാഷനൽ കൺവെൻഷനുകൾക്ക് ആതിഥ്യം നൽകുവാൻ ചിക്കാഗോ നഗരത്തിന് കഴിഞ്ഞിട്ടുണ്ട്. 14 റിപ്പബ്ലിക്കൻ കൺവെൻഷനുകളും 11 ഡെമോക്രാറ്റിക് കൺവെൻഷനുകളും ചിക്കോഗോയിൽ നടന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്നത് 26ാം കൺവെൻഷൻ.
ചിക്കാഗോയിലെ ഡെമോക്രാറ്റിക് കൺവെൻഷൻ വേദി ഒരു വർഷം മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഡെമോക്രാറ്റുകളെ സംബന്ധിച്ച് ചിക്കാഗോയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി പാർട്ടിയുടെ ശക്തികേന്ദ്രമാണ് ചിക്കോഗോ ഉൾപ്പെട്ട ഇല്ലിനോയ് സംസ്ഥാനം.
2020 ലെ പ്രസിഡൻ്റ് ബൈഡൻ്റെയും വൈസ് പ്രസിഡൻ്റ് ഹാരിസിൻ്റെയും വിജയത്തിന് വിസ്കോൺസിൻ, മിഷിഗൺ, മിനസോട്ട എന്നിവയ്ക്കൊപ്പം ഇല്ലിനോയിസ് നിർണായകമായിരുന്നു. ബ്ലൂ വോൾ എന്ന അറിയപ്പെടുന്ന ഈ ഡെമോക്രാറ്റിക് കോട്ടയ്ക്ക് പക്ഷേ ഈയിടയായി വിള്ളൽ വീണിട്ടുണ്ട്. വിസ്കോൺസിൻ, മിഷിഗൺ തുടങ്ങിയ മിഡ്വെസ്റ്റേൺ സംസ്ഥാനങ്ങൾ ഇപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളായാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കൻ കൺവെൻഷൻ നടന്നത് വിസ്കോൺസിനിലായിരുന്നു . അതുകൊണ്ടുതന്നെ ചിക്കാഗോയെ ഡെമോക്രാറ്റുകൾ തിരഞ്ഞെടുത്തത് തന്ത്രപരമായ ഒരു ലൊക്കേഷൻ എന്ന നിലയിൽ തന്നെയാണ്.
തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിൻമാറി കമല ഹാരിസും – ടിം വാൾസും തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേഗത്തിലേക്ക് പ്രവേശിച്ചിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞെങ്കിലും കൺവെൻഷനിലാണ് ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കൺവെൻഷൻ ഐക്യത്തിൻ്റെ ശക്തമായ പ്രകടനമായി മാറുമെന്ന് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നു.
Democratic Convention to begin At Chicago on Monday