
വാഷിങ്ടൻ: ജോ ബൈഡനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നു മാറ്റുന്നത് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയാകുമെന്ന്, പത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിൽ ഒമ്പത് ഫലങ്ങളും കൃത്യമായി പ്രവചിച്ച അമേരിക്കൻ ചരിത്രകാരൻ അലൻ ലിച്ച്മാൻ.
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ തിരഞ്ഞെടുപ്പ് സംവാദത്തിലെ ദുർബലമായ പ്രകടനത്തിനു പിന്നാലെ, മത്സരത്തിൽ നിന്ന് പിന്മാറാൻ 81 കാരനായ ബൈഡനോട് ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. “അതൊരു വലിയ തെറ്റാണ്. അവർ ഡോക്ടർമാരല്ല. ബൈഡന് രണ്ടാം ടേം വഹിക്കാൻ ശാരീരികമായി കഴിവുണ്ടോ ഇല്ലയോ എന്ന് അവർക്കറിയില്ല. ഇതെല്ലാം അസംബന്ധമാണ്,” ലിച്ച്മാൻ പറഞ്ഞു.
ചരിത്രം വിശകലനം ചെയ്ത്, 2000 ലെ മത്സരം ഒഴികെ, കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഫലം കൃത്യമായി പ്രവചിച്ച ആളാണ് ലിച്ച്മാൻ. ലിച്ച്മാന്റെ മുന്നറിയിപ്പിനോട് ഡെമോക്രാറ്റുകളുടെ ഭാഗത്തു നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് സമ്മർദ്ദം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ 2024 ഓഗസ്റ്റ് 5-ലെ ടൈം മാഗസിൻ്റെ കവറും പുറത്തുവന്നിരുന്നു. ബൈഡൻ പിന്മാറണം എന്ന് ആവശ്യപ്പെടുന്ന തരത്തിലായിരുന്നു മാഗസിന്റെ കവർ. ഇതിനു പുറമെ, ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള മുൻ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി ഡെപ്യൂട്ടി ഡയറക്ടറും ഈ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ട് രംഗത്തെത്തി. “ജോയ്ക്ക് പോകാനുള്ള സമയമാണിത്,” എന്നാണ് ട്രംപ്-ബൈഡൻ സംവാദത്തിന് ശേഷം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ചാൻഡലർ വെസ്റ്റ് എഴുതിയത്.











