
വേർപിരിയൽ പ്രഖ്യാപിച്ച് രണ്ട് വർഷത്തിന് ശേഷം നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിനൊരുങ്ങുന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം ഇരുവരും അടുത്തിടെ ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് ഇരുവരും ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇവരുടെ കേസ് ഉടൻ പരിഗണിക്കും. കഴിഞ്ഞ രണ്ട് വർഷമായി ധനുഷും ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ച കാര്യം ധനുഷ് എക്‌സിൽ കുറിച്ചിരുന്നു.
“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ജീവിതം. വളർച്ചയുടെയും പരസ്പരം മനസിലാക്കലിന്റെയും വിട്ടുവീഴ്ചകളുടെുയം പൊരുത്തപ്പെടലുകളുടെയുമായിരുന്നു ഈ യാത്ര. ഇന്ന് ഞങ്ങളുടെ വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് എത്തിനിൽക്കുന്നത്. ഞാനും ഐശ്വര്യയും വിവാഹ മോചിതരാകാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ പരസ്പരം മനസിലാക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക,” എന്നായിരുന്നു ധനുഷിന്റെ കുറിപ്പ്.
2004ലാണ് സംവിധായകൻ കസ്തൂരി രാജയുടെ മകനായ നടൻ ധനുഷും രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യയും വിവാഹിതരായത്. 18 വർഷത്തിനുശേഷം 2022 ജനുവരി 17ന് സാമൂഹിക മാധ്യമങ്ങളിലൂടെ വേർപിരിയൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ തന്നെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. മാത്രമല്ല, പ്രമുഖർ ഇടപ്പെട്ട് ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും വാർത്തകളുണ്ടായിരുന്നു.












