
പത്തനംതിട്ട: തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്.
പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയിൽ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കളക്ടർക്ക് ഒരുക്കാമായിരുന്നു.കൂടുതലൊന്നും പറയാനില്ല. ഏതറ്റം വരേയും പോകും – മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങൾ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ‘രാഷ്ട്രീയപരമായി ഒരു നിർദേശവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു വന്നിട്ടില്ല. നിയമവശം മാത്രമേ നോക്കിയിട്ടുള്ളൂ. പിപി ദിവ്യയെ തുടക്കം തൊട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ഒരു വിലക്കും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യാമായിരുന്നു. ഈ നിമിഷവും അറസ്റ്റ് ചെയ്യാൻ പറ്റും. അതാണ് പൊലീസ് ചെയ്യേണ്ടത്. ഞാൻ ഒരു പാർട്ടി പ്രവർത്തകനല്ല. പാർട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനും ഇല്ല. നിയമപരമായി അവരെ അറസ്റ്റ് ചെയ്യുക, കൃത്യമായ അന്വേഷണം നടത്തുക’- നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.
കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടർന്നു പ്രതികരിക്കുകയായിരുന്നു ഇരുവരും.
Divya Spoiled our life she should be arrested reacts Naveen babu wife











