
ഫ്‌ളോറിഡ: വന്‍ നാശം വിതച്ച് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കരതൊട്ട മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനുംകൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകള്‍ പായുന്നതും, എന്തും വരട്ടെ എന്ന് കരുതി ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
നിരത്തുകളിലും വീടുകളിലും വാഹനങ്ങളിലും വെള്ളം നിറഞ്ഞതും ചിത്രങ്ങള്‍ കാട്ടിത്തന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു രക്ഷപെടാനാകാതെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ നായയുടേത്. ചുഴലിക്കാറ്റ് കരതൊടും മുമ്പായിരുന്നു സംഭവം. ബുധനാഴ്ച ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥരാണ് ഉപേക്ഷിക്കപ്പെട്ട നായ സഹായത്തിനായി കുരക്കുന്നത് കണ്ടെത്തിയത്. ശശീരത്തിന്റെ പകുതിയോളം വെള്ളത്തിലായി നിസ്സാഹായനായ നായയെ ഉപേക്ഷിച്ചുപോകാന്‍ ഉടമയ്ക്ക് തോന്നിയെങ്കിലും റ്റാംപ പൊലീസ് അതിനായില്ല. മനുഷ്യന്റേതായാലും മൃഗത്തിന്റേതായാലും ജീവന് വിലയുണ്ടെന്ന് പഠിപ്പിച്ച നിമിഷമായിരുന്നു പിന്നീട്.
FHP Troopers rescued a dog left tied to a pole on I-75 near Bruce B Downs Blvd this morning. Do NOT do this to your pets please… pic.twitter.com/8cZJOfkJL2
— FHP Tampa (@FHPTampa) October 9, 2024
എക്സില്‍ ഹൃദയഭേദകമായ വീഡിയോ പങ്കിട്ടുകൊണ്ട്, ”ഇന്ന് രാവിലെ ബ്രൂസ് ബി ഡൗണ്‍സ് ബ്ലാവിഡിന് സമീപമുള്ള ഐ -75 ല്‍ തൂണില്‍ കെട്ടിയിട്ടിരുന്ന ഒരു നായയെ എഫ്എച്ച്പി ട്രൂപ്പര്‍മാര്‍ രക്ഷപ്പെടുത്തി. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളോട് ഇത് ചെയ്യരുത് പ്ലീസ്…” എന്ന് അവര്‍ എഴുതി.
പൂട്ടഴിച്ച് നായയെ രക്ഷപെടുത്താന്‍ റ്റാംപ പൊലീസ് കാണിച്ച മനസിന് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് കയ്യടി നല്‍കുന്നത്. ഒപ്പം സ്‌നേഹവും നന്ദിയും. എന്നാല്‍ നായയെ ഇത്തരത്തില്‍ ഉപേക്ഷിച്ചുപോയ ഉടമയെ വെറുതേ വിടരുതെന്നും അറസ്റ്റ് ചെയ്യണമെന്നും വലിയ തരത്തില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.















