
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിവാദ ക്യാബിനറ്റ് നിയമനങ്ങളുടെ പന്നിൽ ട്രംപിൻ്റെ മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ആണെന്ന വാർത്തകൾ പുറത്തു വരുന്നു. ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെഡി വാൻസിനെ തിരഞ്ഞെടുത്തതും ട്രംപ് ജൂനിയറായിരുന്നു. ട്രംപിൻ്റെ പുതിയ ക്യാബിനെറ്റ് നിയമനങ്ങളിൽ പരിചയ സമ്പത്തിനേക്കാൾ മുൻഗണന നൽകിയിരിക്കുന്നത് ട്രംപിനോടുള്ള കൂറിനും വിശ്വാസത്തിനുമാണ്.
ട്രംപിൻ്റെ കഴിഞ്ഞ ഭരണകാലത്ത് മൂത്തമകൾ ഇവാങ്കയും ഭർത്താവ് ജറാഡ് കുഷ്നറുമായിരുന്നു ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത്. അക്കാലത്ത് അദ്ദേഹത്തിൻ്റെ മക്കളായ ട്രംപ് ജൂനിയറും എറിക്കും പ്രധാനമായും കുടുംബ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു
2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപ് ജോ ബൈഡനോട് തോറ്റതിന് ശേഷം ഇവാങ്കയും ഭർത്താവും രാഷ്ട്രീയത്തിൽ നിന്ന് പിന്തുമാറി. തുടർന്ന് ട്രംപ് അദ്ദേഹത്തിനെതിരെയുള്ള സിവിൽ, ക്രിമിനൽ കേസുകളിൽ കുരുങ്ങയ സമയത്ത് ട്രംപ് ജൂനിയറും എറിക്കുമായിരുന്നു ട്രംപിന് ഒപ്പം നിന്നിരുന്നത്.
ട്രംപ് ജൂനിയർ നിലവിൽ തൻ്റെ പിതാവിൻ്റെ സന്തത സഹചാരിയാണെന്നും വൈറ്റ് ഹൗസ് കാര്യങ്ങളിൽ മകനോട് നിരന്തരം അഭിപ്രായം ആരായാറുണ്ടെന്നും ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
എന്നാൽ ട്രംപ് ജൂനിയറിൻ്റ രണ്ട് തിരഞ്ഞെടുപ്പുകൾ അമേരിക്കയിൽ വിവാദങ്ങൾ ഉയർത്തുന്നു,.ഒന്ന് വാക്‌സിൻ വിരോധിയും ഗൂഢാലോചന സൈദ്ധാന്തികനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയറെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതാണ്. രണ്ട് മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് നേതാവായ തുളസി ഗബ്ബാർഡിനെ ദേശീയ ഇൻ്റലിജൻസ് മേധാവിയായി നിയമിച്ചതുമാണ്. റഷ്യയുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് ഗബ്ബാർഡ് എന്നാണ് പൊതുവെയുള്ള ആക്ഷേപം.
Donald trump Jr behind trump’s cabinet pick