
ന്യൂയോർക്ക്: കുടിയേറ്റവുമായി ബന്ധപ്പെട്ട് മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി സംസാരിച്ചതായി അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതിർത്തിയിലൂടെ മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം നിർത്താൻ ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു. നേരത്തെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവന.
അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയാൻ ഇരു രാജ്യങ്ങളും പരാജയപ്പെട്ടാൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ 25% താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. പിന്നാലെ മെക്സിക്കൻ പ്രസിഡൻ്റും തിരിച്ചടിച്ചു. ട്രംപ് തൻ്റെ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതേ നിലയിൽ തിരിച്ചടിക്കുമെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കി. അമേരിക്ക താരിഫുകൾ ഉയർത്തിയാൽ മെക്സിക്കോയും താരിഫുകൾ ഉയർത്തുമെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ക്ലോഡിയ ഷെയ്ൻബോം പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് താൻ ക്ലോഡിയ ഷെയ്ൻബോമുമായി സംസാരിച്ചെന്ന് സോഷ്യൽമീഡിയയിലൂടെ ട്രംപ് അറിയിച്ചത്. മയക്കുമരുന്നിന്റെ ഒഴുക്കും കുടിയേറ്റവും സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയെന്നും ചർച്ച പോസിറ്റീവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് ഷെയ്ൻബോം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Donald Trump talks with Mexican President Claudia Sheinbaum Pardo on Migration