കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക്ക് ഡോ. എം.വി. പിള്ള

ഡാളസ്/കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക്ക് ഡോ. എം.വി. പിള്ളയെ നോമിനേറ്റ് ചെയ്ത് സര്‍ക്കാര്‍. മെഡിക്കല്‍ സയന്റിസ്റ്റായിട്ടാണ് എം.വി. പിള്ളയ്ക്ക് നിയമനം. കൂടാതെ, പ്രഫ. ചന്ദ്രഭാസ് നാരായണനെയും സിസിആര്‍സി ഗവേണിങ് ബോഡിയിലേക്ക് സയന്റിസ്റ്റായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

യുഎസിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയില്‍ കണ്‍സള്‍ട്ടന്റായും ലോകാരോഗ്യ സംഘടനയുടെ സ്ഥാനാര്‍ബുദ വിദഗ്ധനായും പ്രവര്‍ത്തിക്കുന്ന ഡോ. എം.വി. പിള്ള അമേരിക്കയിലെ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ഡയറക്ടറായ ഡോ. ചന്ദ്രഭാസ് നാരായണന്‍ കാന്‍സര്‍ ജനിതക ശാസ്ത്ര വിദഗ്ധനാണ്. ഫെബ്രുവരിയില്‍ നടന്ന ഗവേണിങ് ബോഡി മീറ്റിങ്ങിലെടുത്ത തീരുമാനപ്രകാരമാണ് ഇരുവരുടെയും പേരുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം, ഡോ. എം.വി. പിള്ളയുടെ നിയമനത്തെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അഭിനന്ദിച്ചു. തികച്ചും അര്‍ഹിക്കുന്ന അംഗീകാരമാണിതെന്ന് ക്ലബ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.