
തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പിന്നോട്ടില്ലെന്ന പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രമെന്നും നാല് മിനിറ്റ് കൊണ്ട് ലൈസന്‍സ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും. ഇക്കാര്യത്തില്‍ ഈഗോ ഇല്ല. മനുഷ്യ ജീവനാണ് വലുതെന്നും മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കലാണെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ പ്രതികരിച്ച മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ടെന്നും അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും വ്യക്തമാക്കി.
അതേസമയം,, സംസ്ഥാനത്ത് ഇന്നുമുതല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ കാര്യമായ മാറ്റമാണ് വരിക. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യം.