മുട്ട പഫ്‌സ് വാങ്ങാന്‍ ചെലവഴിച്ചത് 3.36 കോടി; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

അമരാവതി; ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ മുട്ട പഫ്‌സിനു ചെലവഴിച്ചത് കോടികളെന്ന് ആരോപണം. ജഗന്റെ ഭരണകാലത്ത് സര്‍വത്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടിഡിപിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ജ​ഗന്റെ ഓഫിസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്സ് വാങ്ങാന്‍ മാത്രം ചെലവഴിച്ചത് 3.36 കോടിയെന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ്‌ മുൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഓരോ വര്‍ഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചെലവഴിച്ചതായി കണ്ടെത്തിയത്.

സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തകയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ഭരണകക്ഷിയായ ടിഡിപി ഈ ട്വീറ്റ് ഏറ്റെടുത്തു. 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച്‌ പ്രതിദിനം 993 പഫ്‌സുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്‌സുകളെന്ന് കരുതേണ്ടിവരുമെന്നും ടിഡിപി ആരോപിച്ചു.

എന്നാൽ ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജ​ഗനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നുമാണ് വൈഎസ്ആർ കോൺഗ്രസിന്റെ മറുപടി.

More Stories from this section

family-dental
witywide