
ന്യൂഡല്‍ഹി: ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി അടക്കമുള്ള എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷാ വിധിക്കെതിരെ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം.
കോടതിവിധിയുടെ പകര്‍പ്പ് നിയമസംഘത്തിന് കിട്ടിയിട്ടുണ്ട്. അത് രഹസ്യ രേഖയായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. വധശിക്ഷ ഇളവു ചെയ്ത് വ്യത്യസ്ത കാലയളവിലേക്കുള്ള തടവുശിക്ഷയാക്കി മാറ്റുന്നതായിരുന്നു ഡിസംബര്‍ 20ലെ വിധി. 3 വർഷം മുതൽ 25 വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് നടപടികള്‍ മുന്നോട്ടുനീക്കുന്ന നിയമസംഘവുമായും കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു വരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
“ഖത്തറിലെ പരമോന്നത കോടതിയായ കാസേഷൻ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ നിയമസംഘത്തിന് 60 ദിവസത്തെ സമയമുണ്ട്. ഞങ്ങളുടെ ലീഗൽ ടീം ഈ വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അടുത്ത നടപടി തീരുമാനിക്കാൻ, ഞങ്ങൾ കുടുംബങ്ങളുമായും നിയമ സംഘവുമായും ബന്ധപ്പെടും.”
ഡിസംബർ 28-ന് അപ്പീൽ കോടതിയുടെ ഉത്തരവിന്റെ ദിവസം മുതൽ 60 ദിവസത്തെ കാലയളവ് കണക്കാക്കുമോ എന്ന ചോദ്യത്തിന്, ജയ്‌സ്വാൾ പറഞ്ഞു: “ഇത് ഡിസംബർ 28 മുതലോ അതിന് ശേഷമുള്ള ദിവസമോ ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു… പക്ഷേ ആ വശങ്ങൾ പരിശോധിക്കേണ്ടത് അവിടെയുള്ള നിയമ സംഘമാണ്.”