
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാടിനെതിരേ എതിർപ്പുമായി ഭരണപക്ഷ എംഎൽഎ വി.കെ പ്രശാന്ത്. സർക്കാർ നയപരമായി നടപ്പാക്കിയ ഇ ബസ് നഗരവാസികൾ സ്വീകരിച്ചെന്നും ലാഭകരമാക്കുകയാണ് കെഎസ്ആർടിസി ചെയ്യേണ്ടത് എന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടത്, എന്നായിരുന്നു വി.കെ. പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇലക്ട്രിക് ബസുകൾ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നും മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഓടുന്ന മുഴുവൻ ബസുകകളും റീ ഷെഡ്യൂൾ ചെയ്യുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനോടുള്ള പ്രതികരണമായാണ് വി.കെ.പ്രശാന്ത്ര് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വിലയിരുത്തുന്നത്.















