വയനാട് ദുരന്തം: കേരളത്തെ വിമർശിച്ച് ലേഖനങ്ങളെഴുതാൻ ശാസ്ത്രജ്ഞരോട് കേന്ദ്രം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രജ്ഞരോട് നിര്‍ദേശിച്ചതായി ആരോപണം. ദേശീയ മാധ്യമമായ ന്യൂസ് മിനുറ്റ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞരോട് കേരളത്തെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.

കേരള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലിന് കാരണമായതെന്ന വിധക്കില്‍ ലേഖനങ്ങള്‍ ഏഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മൂന്ന് പേരെ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കേരളത്തിലെ ക്വാറികള്‍ സംബന്ധിച്ച മുന്‍കാലങ്ങളില്‍ നല്‍കിയ വാര്‍ത്തകളുടെ ലിങ്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു വേഡ് ഡോക്യുമെന്റ് അയച്ചാണ് ഇത്തരത്തില്‍ ലേഖനമെഴുതാന്‍ നിര്‍ദേശം നല്‍കിയത്.

ക്വാറികളുടെ പ്രവര്‍ത്തനവും ഖനനവും തടയുന്നതില്‍ കേരള സര്‍ക്കാറിന് വീഴ്ച സംഭവിച്ചുവെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. പാരിസ്ഥിതി ആഘാത വിലയിരുത്തലുകളില്ലാതെ ക്വാറികള്‍ അനുമതി നല്‍കിയത്, അനംഗീകൃത ക്വാറികളുടെ എണ്ണം, മണ്ണിടിച്ചിലുകളും ക്വാറികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ എഴുത്തുകാര്‍ ലേഖനത്തില്‍ ഊന്നിപ്പറയേണ്ട പ്രധാന വിവരങ്ങളും ഡോക്യുമെന്റില്‍ നല്‍കിയിട്ടുണ്ടായിരുന്നു.

നേരത്തേ, വയനാട് ദുരന്തത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയപ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ ആദ്യം പറഞ്ഞത്. എന്നാല്‍, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പ്രദേശത്ത് യെല്ലോ അലേര്‍ട്ട് മാത്രമായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയും ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide