
തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതൃത്വത്തോടുള്ള അമര്‍ഷം തുടര്‍ന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. സംസ്ഥാന കമ്മിറ്റിയുടെ യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. നിലവിൽ താൻ കേരളത്തില്‍ ഇല്ലെന്ന് ഇല്ലെന്നാണ് ഇപി നൽകിയ വിശദീകരണം.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ഇപി ജയരാജന്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇതിലൂടെ മനസിലാകുന്നത്. നടപടിയെടുത്ത് 25 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഒരു പാര്‍ട്ടി പരിപായില്‍ അദ്ദേഹം പങ്കെടുക്കുന്നത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ വി സുമേഷ് എം എല്‍ എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. നേരത്തേ കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ ഇ.പി. പങ്കെടുക്കുമെന്ന് കണ്ണൂര്‍ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇപി ജയരാജന്‍ വിട്ടുനിന്നിരുന്നു. ചികിത്സയിലെന്ന വിശദീകരണം നല്‍കി ഇ പി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു. അതേസമയം, സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും എം എം ലോറന്‍സിന്റെ നിര്യാണത്തെ തുടര്‍ന്ന് കൊച്ചിയിലും ഇ പി എത്തിയിരുന്നു.
ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇ പി ജയരാജനെ പാര്‍ട്ടി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന് പിന്നാലെ നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം മൗനത്തിലായിരുന്നു.















