
തിരുവനന്തപുരം: പ്രകാശ് ജാവദേക്കര്‍ വന്ന് തന്നെ കണ്ടെന്ന് ഇ.പി ജയരാജന്‍. മകന്‍ താമസിക്കുന്ന ആക്കുളത്തെ ഫ്‌ലാറ്റില്‍ എത്തിയാണ് കണ്ടത്. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവരും തന്നെ വന്ന് കണ്ടിട്ടുണ്ട്. ആരെങ്കിലും വന്ന് ചര്‍ച്ച നടത്തിയാല്‍ മാറുന്നതല്ല തന്റെ രാഷ്ട്രീയമെന്നും പോളിംഗ് ദിനത്തില്‍ ഇപി പ്രതികരിച്ചു. എൻ്റെ മകൻ്റെ കുട്ടിയുടെ പിറന്നാളായിരുന്നു അന്ന്. ആ വഴി പോകുകയായിരുന്ന പ്രകാശ് ജാവദേക്കർ താൻ അവിടെ ഉണ്ട് എന്ന് അറിഞ്ഞ് പരിചയപ്പെടാൻ വന്നെന്നാണ് പറഞ്ഞത്. ദല്ലാൾ നന്ദകുമാറാണ് അദ്ദേഹത്തെ കൊണ്ടു വന്നത്. രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യാൻ തയാറല്ല എന്ന് അവിടെ വച്ച് തന്നെ പറഞ്ഞിരുന്നു. അദ്ദേഹം അപ്പോൾ തന്നെ പോവുകയും ചെയ്തു . വീട്ടിൽ വരുന്ന ഓരാളോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റില്ലല്ലോ.. ഇപി പറഞ്ഞു.
‘അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാന്‍ വരും.’ -ഇ.പി. പറഞ്ഞു.
തനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയെന്നും കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. അതേസമയം, ഇ.പി. ജയരാജന്‍ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നാണ് രാവിലെ വോട്ട് രേഖപ്പെടുത്തിയതിനുശേഷം പ്രതികരിച്ചത്.















