തുള്ളി മരുന്നിലും വ്യാജനോ? ആ മരുന്ന് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടു; കാഴ്ച പോകുമോ എന്ന ആശങ്കയില്‍ ഉപയോക്താക്കള്‍

കോഴിക്കോട്: കണ്ണിന് ഗ്ലോക്കോമ രോഗം ബാധിച്ചവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന് വീണ്ടും നിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോർട്ട്. കണ്ണിലെ മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ബിമാടോപ്രോസ്റ്റ് എന്ന മരുന്നാണ് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയെന്നാണ് മനോരമയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചല്‍പ്രദേശിലെ പ്രോടെക് ടെലിലിങ്കസ് എന്ന കമ്പനി ഉല്‍പാദിപ്പിക്കുന്ന ബാച്ച് നമ്പര്‍ ഒ പി 442301 നമ്പറിലുള്ള മരുന്നാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖന്തിരം സര്‍ക്കാര്‍ കണ്ണാശുപത്രികളില്‍ സംഭരിച്ചിരുന്ന ഇതേ ബാച്ച് നമ്പറിലുള്ള 19271 കുപ്പി മരുന്നിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ അസിസ്റ്റന്റ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഉത്തരവിട്ടു.

അതേസമയം ഒരു വര്‍ഷം മുന്‍പും ഇതേ മരുന്ന് നിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 2022ല്‍ ശേഖരിച്ച സംപിളുകളുടെ പരിശോധന തിരുവനന്തപുരത്തെ ലാബിലാണ് അന്ന് നടത്തിയിരുന്നത്. തുടര്‍ന്ന് അവശേഷിച്ച മരുന്നുകളുടെ വിതരണം മരവിപ്പിച്ചു. അതേസമയം കമ്പനിയുടെ ആവശ്യപ്രകാരം സാംപിള്‍ വീണ്ടും കൊല്‍ക്കത്തയിലെ ലാബിലേക്ക് അയക്കുകയും എന്നാല്‍ അവിടെ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ലഭിക്കുകയുമായിരുന്നു. പരിശോധനക്കായി അയച്ച അന്നത്തെ സാംപിള്‍ തന്നെ മാറ്റിയിരുന്നു എന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മരുന്നാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മര്‍ദ്ദം കൂടിയാല്‍ ഞരമ്പുകള്‍ തകര്‍ന്ന് സ്ഥിരമായ കാഴ്ച വൈകല്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. ഒന്നര വര്‍ഷത്തിനിടെ രണ്ടാം തവണയും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഈ മരുന്ന് ഉപയോഗിച്ച രോഗികളെല്ലാം ആശങ്കയിലാണ്.

eye drops drugs Bimatoprost latest news

More Stories from this section

family-dental
witywide