ജോർജിയ സ്കൂൾ വെടിവയ്പ്: പ്രതിയായ വിദ്യാർഥിയുടെ പിതാവ് അറസ്റ്റിൽ, തോക്ക് ഇയാൾ മകന് നൽകിയ ക്രിസ്മസ് സമ്മാനം

ജോർജിയയിലെ അപലാച്ചി ഹൈസ്‌കൂൾ വെടിവയ്പ്പ് കേസിലെ പ്രതിയായ 14 കാരൻ വിദ്യാർഥിയുടെ പിതാവ് കോളിൻ ഗ്രേ, (54) അറസ്റ്റിൽ. സ്കൂളിൽ ഇദ്ദേഹത്തിന്റെ മകൻ കോൾട്ട് ഗ്രേ നടത്തിയ വെടിവയ്പിൽ 4 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, രണ്ടാം ഡിഗ്രി കൊലപാതകം, കുട്ടികളോടുള്ള ക്രൂരതകൾ എന്നീ കുറ്റങ്ങളാണ് കോളിൻ ഗ്രേയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാർഥി കൊലപാതകത്തിന് ഉപയോഗിച്ച എആർ-സ്റ്റൈൽ റൈഫിൾ, 2023 ഡിസംബറിൽ തൻ്റെ മകന് ക്രിസ്മസ് സമ്മാനമായി വാങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഗ്രേ സമ്മതിച്ചതായാണ് വിവരം. ഒരു പ്രാദേശിക തോക്ക് കടയിൽ നിന്ന് എആർ-15-സ്റ്റൈൽ റൈഫിൾ വാങ്ങിയതായി സിഎൻഎൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് മാസങ്ങൾക്ക് മുമ്പാണ് സ്കൂളിൽ വെടിവയ്പ് നടത്തും എന്ന് ഈ വിദ്യാർഥി സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർത്തുകയും പൊലീസ് ഇവരുടെ വീട്ടിൽ എത്തുകയും ചെയ്തത്. മെയ്മാസത്തിൽ പൊലീസ് ഇവരുടെ വീട്ടിൽ എത്തി. അന്ന് 13 വയസ്സുള്ള കുട്ടി താൻ കമൻ്റുകൾ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.
“വീട്ടിൽ ഹണ്ടിങ് ഗൺസ് ഉണ്ട്, എന്നാൽ കുട്ടിക്ക് അവ നൽകാനില്ല” എന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് അന്ന് പറഞ്ഞു.
“ആ സമയത്ത്, ഒരു അറസ്റ്റിന് അല്ലെങ്കിൽ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കുന്നതിന് കാരണമില്ലായിരുന്നു” എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തിനു ശേഷം ഡിസംബറിലാണ് ഇയാൾ മകന് തോക്ക് സമ്മാനമായി നൽകിയത്.

ജാക്‌സൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ബ്രാഡ് സ്മിത്തിൻ്റെ ഏകോപനത്തിലാണ് ഗ്രേയെ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതെന്നും ഇപ്പോൾ കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

ബുധനാഴ്ച സ്കൂളിൽ നടന്ന വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. ഒമ്പത് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒമ്പത് പേരും പൂർണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ ബാരോ കൗണ്ടി ഷെരീഫ് ജൂഡ് സ്മിത്ത് പറഞ്ഞു.

നഷ്ടമായത് സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരെയും സഹപാഠികളേയും

14 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളായ ക്രിസ്റ്റ്യൻ അംഗുലോയും മേസൺ ഷെർമെർഹോണുമാണ് ജീവൻ നഷ്ടമായ കുട്ടികൾ. 53 കാരിയായ ഗണിത അധ്യാപിക ക്രിസ്റ്റീന ഇറിമി, 39 കാരനായ ഗണിത അധ്യാപികനും അസിസ്റ്റൻ്റ് ഫുട്ബോൾ പരിശീലകനുമായ റിച്ചാർഡ് ആസ്പിൻവാൾ എന്നിവരും വെടിവയ്പിൽ കൊല്ലപ്പെട്ടു.

Father of Georgia school Shooter arrested

More Stories from this section

family-dental
witywide