
ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ബുധനാഴ്ച കാണാതായ മെയ്തി വിഭാഗത്തില്‍ നിന്നുള്ള നാലുപേരില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ അച്ഛനും മകനുമാണ്. ബിഷ്ണുപുര്‍ ജില്ലയിലെ കുംബി ഹോടക് ഗ്രാമത്തില്‍ നിന്നുള്ള ഇബോംച സിങ് (51), മകന്‍ ആനന്ദ് സിങ് (20), ഇവരുടെ അയല്‍വാസിയായ റോമന്‍ സിങ് (38) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ച മുതൽ കാണാതായ നാലംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. ചുരചന്ദ്പൂരിലെ സമീപ കുന്നുകളിൽ വിറക് ശേഖരിക്കാൻ പോയ ഇവർ തിരിച്ചെത്തിയില്ല, തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആക്രമണത്തിന് പിന്നിൽ ഒരു പ്രത്യേക സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഈ കൊലപാതകങ്ങൾ തീവ്രവാദികളുടെ സൃഷ്ടിയാണെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തിലെ നാലാമത്തെ അംഗമായ അഹന്തേം ദാരാ മെയ്തേയ്‌ക്കായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണ്.
ഇവരെല്ലാം മെയ്ചക്പി കുന്നുകളിൽ നിന്ന് ദിവസവും വിറക് ശേഖരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മലയടിവാരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരണകാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. കാണാതായ ദാരാ സിങ് എന്നയാള്‍ക്കായി സുരക്ഷാ സേനയും പോലീസും തിരച്ചില്‍ നടത്തുകയാണ്.