
മെക്‌സിക്കോ: മെക്‌സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് ആദ്യത്തെ മനുഷ്യ മരണം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ H5N2 വേരിയന്റ് ബാധയേറ്റ് മരിച്ച ആഗോളതലത്തിലെ ആദ്യത്തെ കേസാണിതെന്നും ലോകാരോഗ്യ സംഘടന. മെക്‌സിക്കോ സിറ്റിയിലെ ഒരു 59 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
വയറിളക്കം, ഓക്കാനം, പനി, ശ്വാസതടസ്സം എന്നിവയ്ക്ക് ശേഷം മരണമടഞ്ഞ രോഗി കോഴികളുമായോ, മറ്റ് പക്ഷികളുമായോ, അതല്ലെങ്കില്‍ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്താനുമായിട്ടില്ല. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ A(H5N2) വൈറസ് ബാധയുടെ ആദ്യ ലബോറട്ടറി സ്ഥിരീകരിച്ച മനുഷ്യ കേസാണിതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
രാജ്യത്ത് കോഴിയിറച്ചിയില്‍ H5N2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുഎന്‍ ഹെല്‍ത്ത് ബോഡിയുടെ കണക്കനുസരിച്ച്, എച്ച് 5 എന്‍ 2 കേസുകള്‍ മാര്‍ച്ചില്‍ മൈക്കോകാന്‍ സംസ്ഥാനത്ത് കോഴികളെ ബാധിച്ചു. തുടര്‍ന്ന് മെക്‌സിക്കോയില്‍ രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ മനുഷ്യരുടെ കേസും കോഴി അണുബാധയും തമ്മില്‍ ഒരു ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ഇത് മനുഷ്യരിലേക്ക് പകരുന്നതിനും മരണത്തിലേക്ക് നയിക്കുന്നതിനും ഏറ്റവും കുറഞ്ഞ സാധ്യതയാണുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പക്ഷിപ്പനിയുടെ വ്യത്യസ്തമായ ഒരു വകഭേദം, H5N1, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കറവപ്പശുക്കളുടെ ഇടയില്‍ ആഴ്ചകളായി പടരുന്നുണ്ട്. ഇത് മനുഷ്യരിലേക്ക്, പ്രത്യേകിച്ചും വളരെ കുറച്ച് ആളുകളില്‍ മാത്രം പടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.