അത്ര ഹൃദയഹാരിയല്ല മീന്‍ എണ്ണ! ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മീന്‍ എണ്ണയും അതടങ്ങിയ സപ്ലിമെന്റുകളും കഴിക്കുന്നത് ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന് നല്ലതാണെന്നും ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉറവിടമായതിനാല്‍ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നും പരക്കെ അറിയപ്പെട്ടിരുന്നു. എന്നാല്‍ ആ ധാരണകളെ എല്ലാം തിരുത്തി പുതിയൊരു പഠനമെത്തി. മികച്ച ആരോഗ്യ ശീലത്തിന് പച്ചക്കൊടി നല്‍കി വ്യാപകമായി ഉപയോഗിക്കുന്ന മീന്‍ എണ്ണ വില്ലനാണെന്ന് പഠനം പറയുന്നു. മീന്‍ എണ്ണയുടെ ഉപയോഗം ഹൃദയാഘാതം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

ബിഎംജെ മെഡിസിന്‍ ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനം, മീന്‍ എണ്ണ ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്നതാണ്. യുകെയില്‍ 40 മുതല്‍ 69 വരെ പ്രായമുള്ള 400,000-ത്തിലധികം ആളുകളെ 12 വര്‍ഷമായി ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഹൃദ്രോഗസാധ്യത വെളിപ്പെട്ടത്. ആളുകള്‍ പതിവായി മത്സ്യ എണ്ണ സപ്ലിമെന്റുകള്‍ ഉപയോഗിച്ചു. മീന്‍ എണ്ണ സപ്ലിമെന്റുകളുടെ ഉപയോഗം ഇതിനകം ഹൃദ്രോഗം ഇല്ലാത്ത ഒരാള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണം കണ്ടെത്തി, എന്നാല്‍ ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, സപ്ലിമെന്റ് അപകടസാധ്യത കുറയ്ക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍, 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 5-ല്‍ ഒരാള്‍ ഈ സപ്ലിമെന്റുകള്‍ അവരുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ പതിവായി കഴിക്കുന്നു. എന്നിരുന്നാലും, നല്ല ഹൃദയാരോഗ്യമുള്ള ആളുകള്‍ക്ക്, മത്സ്യ എണ്ണയുടെ പതിവ് ഉപയോഗം ആദ്യമായി ഒരു സ്‌ട്രോക്ക് അല്ലെങ്കില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം കാണിക്കുന്നു. ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നത് ഒരു ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്, അത് നെഞ്ചില്‍ വിറയ്ക്കുകയോ ഇടിക്കുകയോ ചെയ്യുന്നതുപോലെ അനുഭവപ്പെടുന്ന അവസ്ഥയാണ്.

മീന്‍ എണ്ണ സപ്ലിമെന്റുകളുടെ പതിവായുള്ള ഉപയോഗം ഹൃദയസംബന്ധമായ അസുമില്ലാത്ത ആളുകളില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 5 ശതമാനം കൂടുതലാണെന്നും പഠനം കണ്ടെത്തി. ഹൃദ്രോഗമുള്ള രോഗികള്‍ക്ക്, മീന്‍ എണ്ണ ഗുണം ചെയ്യുന്നതായും പഠനം വെളിപ്പെടുത്തുന്നു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പഠനം പുറത്തുവിട്ടവര്‍ വ്യക്തമാക്കുന്നു.