ഫൊക്കാനയുടെ ആദരം ഏറ്റുവാങ്ങി മുന്‍ പ്രസിഡന്റ് ജി .കെ. പിള്ള

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ടെക്‌സസ് : ഫൊക്കാന ടെക്‌സസ് റീജിയണല്‍ ഉദ്ഘടനത്തോട് അനുബന്ധിച്ചു ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയേയും, ഫൊക്കാനയുടെ നേതാക്കളായ റീജണല്‍ വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തു മഠം, മാര്‍ട്ടിന്‍ ജോണ്‍ , പൊന്നു പിള്ള എന്നിവരെ ആദരിച്ചു.

ജി.കെ. പിള്ള 2012 ലെ ഫൊക്കാന ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയ വ്യക്തിയാണ്. ഈ കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ അര്‍പ്പണ മനോഭാവത്തോടും ആത്മാര്‍ത്ഥതയോടും കൂടിസംഘടനയെ നയിക്കുകയും ഫൊക്കാനയുടെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ഒരു നേതാവ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോള്‍ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. അതിനര്‍ത്ഥം അവര്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാണ് എന്നതാണ്. അത്തരത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാറ്റത്തിന്റെ അലയൊലികള്‍ വലിയ തോതില്‍ സൃഷ്ടിച്ച വ്യക്തിയാണ് ജി.കെ പിള്ള .

ഫാന്‍സിമോള്‍ പള്ളത്തു മഠം ഫൊക്കാനയുടെ 2024 -2026 ലെ റീജണല്‍ വൈസ് പ്രസിഡന്റ് ആയി മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണ്. ടെക്‌സസ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി 200 അധികം ആളുകളെ പങ്കെടുപ്പിച്ച് വലിയ ഒരു റീജണല്‍ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ നേതൃത്വം നല്‍കി. ഈ റീജണില്‍ നിന്നും രണ്ട് സംഘടനകള്‍ മാത്രമുണ്ടായിരുന്നിടത്തു ഇപ്പോള്‍ പുതിയ അഞ്ചു സംഘടനകള്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. റീജണിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ പുരോഗതിക്കാണ് ഫാന്‍സിമോള്‍ ആദരിക്കപ്പെട്ടത്.

മാര്‍ട്ടിന്‍ ജോണ്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ആണ്. ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് നല്ല സംഘാടകര്‍ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ സമൂഹത്തിനായി നടപ്പിലാക്കുവാന്‍ അവര്‍ ശ്രമിക്കും. മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായിട്ടാണ് മാര്‍ട്ടിന്‍ ജോണ്‍ കാണുന്നത് .മാര്‍ട്ടിന്‍ ജോണിന്റെ പ്രവര്‍ത്തനം ഫൊക്കാനക്ക് കുടുതല്‍ അംഗസംഘനകളെ ലഭിക്കാന്‍ കാരണമായി. ഇതാണ് അദ്ദേഹത്തെ ഫൊക്കാനയുടെ ആദരവിന് അര്‍ഹനാക്കിയത്.

പൊന്നുപിള്ള ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള നേതാവാണ്, സംഘടനക്കുവേണ്ടി ഫൊക്കാനയുടെ വനിതാ ഫോറത്തിലും കര്‍മ്മനിരതയാണ്. ഫൊക്കാനയില്‍ കാലാകാലങ്ങളായി അവര്‍ നല്‍കിയ സേവനങ്ങളെ മാനിച്ചാണ് ആദരിക്കപ്പെട്ടത്.

ഫൊക്കാന മുന്‍ പ്രസിഡന്റ് ജി .കെ . പിള്ള ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റി എല്ലാവരെയും ചേര്‍ത്ത് പിടിച്ചുകൊണ്ടു ഒത്തൊരുമയോട് മുന്നോട്ട് പോകുന്ന രീതിയെ അഭിനന്ദിക്കുകയും ഫൊക്കാനയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ ഉയര്‍ച്ചയില്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോ. സെക്രട്ടറി അപ്പുകുട്ടന്‍ പിള്ളൈ, മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗം തോമസ് തോമസ്, വിമെന്‍സ് ഫോറം വൈസ് ചെയര്‍ ഷീല ചെറു തുടങ്ങി ഫൊക്കാന ഭാരവാഹികളും നിരവധി ഫൊക്കാന നേതാക്കളും മേയര്‍ കെന്‍ മാത്യുവും ചടങ്ങില്‍ പങ്കെടുത്തു.