ഫൊക്കാന വാഷിംഗ്ടണ്‍ ഡിസി റീജന്‍ ഉദ്ഘാടനം വര്‍ണ്ണാഭമായി

വാഷിങ്ങ്ടണ്‍ ഡി .സി : വാഷിങ്ങ്ടണ്‍ ഡി .സി യില്‍ നടന്ന ഫൊക്കാന റീജണല്‍ ഉദ്ഘാടനം പങ്കാളിത്തംകൊണ്ടും, കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായി. വിമെന്‍സ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പാര്‍വതി സുധീറിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗം മനോജ് മാത്യു സ്വാഗത പ്രസംഗം നിര്‍വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റീജിണല്‍ വൈസ് പ്രസിഡന്റ് ബെന്‍ പോള്‍ അധ്യക്ഷത വഹിച്ചു.

വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പം ഉള്‍ക്കൊണ്ടു കൊണ്ടാണ് താന്‍ ഫൊക്കാന പ്രസിഡന്റ് പദത്തില്‍ ഇരിക്കുന്നത് എന്ന് സജിമോന്‍ ആന്റണി സദസ്സിനെ അഭിസംബോധന ചെയ്ത വേളയില്‍ സൂചിപ്പിച്ചു. ലോകം ഒരു കുടുംബമാണ്’ ,സമഗ്ര വികസനവും എല്ലാ ജീവികളോടുമുള്ള ബഹുമാനവും, ആദരവും പുലര്‍ത്തി ഒറ്റകെട്ടായി നീങ്ങുന്നതാണ് ഫൊക്കാനയുടെ പ്രവര്‍ത്തന രീതി. നമ്മുടെ സംസ്‌കാരം നിലനിര്‍ത്താനും അത് നമ്മുടെ വരും തലമുറയിലേക്കു പകര്‍ന്നു നല്‍കുവാനും ആണ് ഫൊക്കാനയെ പോലെയുള്ള കേന്ദ്രസംഘടനകള്‍. അതോടൊപ്പമുള്ള വാക്കാണ് സര്‍വ്വീസ് അഥവാ സേവനം. നമ്മള്‍ ഓരോരുത്തരെയും ബന്ധിപ്പിക്കുന്ന വാക്ക്. സംസ്‌കാരവും സേവനവും എവിടെ ഉണ്ടോ അവിടെ മറ്റുള്ളവരോടുള്ള ആദരവ് ഉണ്ട്.

ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് രാജഗിരിക്കു പുറമെ പാല മെഡിസിറ്റി, ബീലീവേഴ്സ് ഹോസ്പിറ്റല്‍ തിരുവല്ല എന്നിവയുമായി ധാരണയായി. ഫൊക്കാന അംഗങ്ങള്‍ക്കായി ക്ലബ് കാര്‍ഡ് ഉണ്ടാക്കുന്നുണ്ട്. മൂന്നാമത്തേത് ഫൊക്കാന ഹെല്‍ത്ത് ക്ലീനിക്കാണ്. അതിനു പ്രശ്‌നങ്ങളുണ്ട്. വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും വേണ്ടിയാണത്. ടോസ്‌റ് മാസ്‌ടെഴ്‌സുമായി സഹകരിച്ച് ക്‌ളാസുകള്‍ ആരംഭിക്കും. അങ്ങനെയുള്ള 23 പദ്ധതികള്‍ സജിമോന്‍ വിവരിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് ബെന്‍ പോള്‍ അടുത്ത രണ്ട് വര്‍ഷം വാഷിംഗ്ടണ്‍ ഡിസി ഏരിയയില്‍ ,റീജണല്‍ കമ്മിറ്റി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തി.

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി ഫൊക്കാനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ലോകമലയാളികള്‍ മാപ്പ് കൊടുക്കില്ല എന്ന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമായി സംസാരിച്ചു.

വാഷിങ്ങ്ടണ്‍ എന്നും ഫൊക്കാനയുടെ വേരുള്ള മണ്ണാണ് , ഫൊക്കാന തുടങ്ങിയപ്പോഴും വാഷിംഗ്ടണ്‍ ഡി സി ആയിരുന്നു അതിന്റെ പ്രധാന കേന്ദ്രം , ഇന്നും അതിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല .താന്‍ എന്നും ഫൊക്കാനക്ക് ഒപ്പം കാണുമെന്ന് വൈസ് പ്രസിഡന്റ് വിപിന്‍ രാജ് അഭിപ്രായപ്പെട്ടു, ‘ഞാന്‍ എന്നും ഫൊക്കാനക്കൊപ്പം’ എന്ന് വികാരാധീനനായി പറഞ്ഞാണ് അദ്ദേഹത്തിന്റെ ആശംസാ പ്രസംഗം അവസാനിപ്പിച്ചത്.

ഫൊക്കാനയെ അതിന്റെ പഴയ പ്രൗഢിയില്‍ എത്തിച്ച സജിമോന്‍ ആന്റണിക്കു പൂര്‍വ്വ പിന്തുണ നല്‍കുന്നു എന്ന് ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ ആയ തോമസ് തോമസ് അദ്ദേഹത്തിന്റെ ആശംസ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒരു കുടുംബ സംഗമത്തിന്റെ ഊഷ്മളത നല്‍കുന്ന രീതിയില്‍ പരിപാടി ആസൂത്രണം ചെയ്ത വാഷിങ്ടണ്‍ ഡിസി കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

നാഷണല്‍ കമ്മിറ്റി അംഗം ഷിബു സാമുവേല്‍ ,ഓഡിറ്റര്‍ സ്റ്റാന്‍ലി ഏതുണിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റീജണല്‍ ഉദ്ഘാടനം മനോഹരമാക്കി തീര്‍ത്ത റീജണല്‍ വൈസ് പ്രസിഡന്റ് ബെന്‍ പോളിനെയും, വൈസ് പ്രസിഡന്റ് വിപിന്‍ രാജിനേയും, മനോജ് മാത്യുവിനേയും അഭിനന്ദിച്ചു.

191 തവണ രക്തദാനം നിര്‍വഹിച്ച തോമസ് വിതയത്തിനെ ഫൊക്കാന ഡിസി റീജന്‍ ഈ പരിപാടിയില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

കാലാകാലങ്ങള്‍ ആയി ഫൊക്കാന ന്യൂസ് കൈകാര്യം ചെയ്തു വരുന്ന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനക്കു അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു പൊന്നാട അണിയിച്ച് ആദരിച്ചു. ഫൊക്കാന അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന സംഘടന ആണ് എന്നുള്ളതിന് ഉള്ള തെളിവാണ് എന്ന് സജിമോന്‍ ആന്റണി പറയുകയുണ്ടായി. ആദ്യകാല ഫൊക്കാന നേതാക്കളായ വര്ഗീസ് സ്‌കറിയ, തോമസ് തോമസ് , ജെയിംസ് ജോസഫ് എന്നിവരെ സ്റ്റാന്റിംഗ് ഓവഷന്‍ നല്‍കി ആദരിക്കുകയുണ്ടായി.

ഡോ.മാത്യു തോമസ് (ഡോ.ടീ ), ബിജോയി വിതയത്തില്‍ , ബിജോയി പട്ടംപാടി,പെന്‍സു ജേക്കബ് , ജിജോ ആലപ്പാട്ട്, കുട്ടി മേനോന്‍, മനോജ് ശ്രീനിലയം , ജോസഫ് തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു .

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പദ്ധതികളെ പറ്റി വിമന്‍സ് ഫോറം കോ ചെയര്‍ സരൂപാ അനില്‍ വിശദീകരിച്ചു. വാഷിംഗ്ടണ്‍ ഡിസി വിമന്‍സ് ഫോറം എക്‌സിക്യൂട്ടീവുകളുടെ സജീവ പങ്കാളിത്തം ഫൊക്കാന സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്ന രീതിയില്‍ ആയിരുന്നു. പരിപാടിക്ക് മിഴിവേകാന്‍ പാകത്തില്‍ കലാപരിപാടികളും അവതരിപ്പിക്കപ്പെടുകയുണ്ടായി. റീജണല്‍ സെക്രട്ടറി ജോബി സെബാസ്റ്റിയന്‍ നന്ദി പ്രസംഗം നടത്തി. വിമെന്‍സ് ഫോറം കോ ചെയര്‍ സരൂപാ അനില്‍ പരിപാടിയുടെ അവതാരക ആയിരുന്നു.

More Stories from this section

family-dental
witywide