ഫോമാ കൺവെൻഷൻ: ജയിംസ് – മെർലിൻ ദമ്പതികൾ ‘FOMAA BEST COUPLE 2024’

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷൻ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനയില്‍ പൊടിപൊടിക്കുകയാണ്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നടന്ന ബെസ്റ്റ് കപ്പിൾ കോൺറ്റസ്റ്റിന് ആവേശ ഭരിതമായ പ്രതികരണമാണ് ലഭിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് മൽസരം നടന്നത്. ആദ്യം പരിചയപ്പെടുത്തൽ റൌണ്ട്. പിന്നെ ടാലൻ്റ് ഷോ പിന്നീട് ചോദ്യോത്തര റൌണ്ട്. ചെറുപ്പാക്കാരായ ദമ്പതികൾ മുതൽ ഏറെ വർഷങ്ങൾ ജീവിതത്തിൽ ഒരുമിച്ച് യാത്രചെയ്തവർ വരെ ഇതിൽ പങ്കെടുക്കയും നൃത്തവും ഗാനവും അടക്കം മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

ഫോമാ ബെസ്റ്റ് കപ്പിൾ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത് അറ്റ്ലാൻ്റയിൽ നിന്നുള്ള ജയിംസ് മെർലിൻ ദമ്പതികളാണ്. ഫ്ലോറിഡയിൽ നിന്നുള്ള നോബിൾ – സ്മിത ദമ്പതികൾ രണ്ടാം സ്ഥാനത്തും ചിക്കാഗോയിൽ നിന്നുള്ള സെബാസ്റ്റ്യൻ – ലിൻഡ ദമ്പതികൾ മൂന്നാം സ്ഥാനത്തും എത്തി. സിനിമാ താരം സ്വാസികയാണ് വിജയികളെ പ്രഖ്യാപിച്ചത്.

ഈ മൽസരത്തിനു ശേഷം ഫോമയുടെ മീറ്റ് ദ് കാൻഡിഡേറ്റ് പരിപാടി നടന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികളും എത്തി എന്തുകൊണ്ട് അവർക്ക് വോട്ട് ചെയ്യണം എന്നും വിജയിച്ചാൽ എന്തൊക്കെ പുതുമകൾ സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചു. ആവേശം നിറഞ്ഞ പരിപാടിയിൽ നിറഞ്ഞ കരഘോഷങ്ങളും ആർപ്പുവിളികളും സ്ഥാനാർഥികളേയും ആവേശം കൊള്ളിച്ചു. ഇന്നലെ നടത്താനിരുന്ന ഫാമിലി മീറ്റ് ഇന്ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

FOMAA Convention James and Merlin Best Couple 2024

More Stories from this section

family-dental
witywide