ട്രംപിനെതിരായ വധശ്രമം ഭയപ്പെടുത്തുന്നുവോ? രാജ്യം അരാജകത്വത്തിലേക്ക് വഴുതി വീഴുമെന്ന് ആളുകള്‍ ഭയക്കുന്നതായി സര്‍വ്വേ

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധശ്രമം അമേരിക്കയെ ഭയപ്പെടുത്തി. അഞ്ചില്‍ നാല് അമേരിക്കക്കാരും രാജ്യം അരാജകത്വത്തിലേക്ക് വഴുതി വീഴുമെന്ന് ഭയപ്പെടുന്നതായി അടുത്തിടെ പുറത്തുവിട്ട ഒരു അഭിപ്രായ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായും ചൊവ്വാഴ്ച അവസാനിച്ച റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ കണ്ടെത്തി.

രണ്ട് ദിവസത്തെ അഭിപ്രായ വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് ഡെമോക്രാറ്റിക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെക്കാള്‍ നേരിയ ലീഡ് നേടി. എന്നാല്‍, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ ‘രാജ്യം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്’ എന്ന പ്രസ്താവനയോട് യോജിച്ചു. ഓണ്‍ലൈനില്‍ നടത്തിയ വോട്ടെടുപ്പില്‍, രജിസ്റ്റര്‍ ചെയ്ത 992 വോട്ടര്‍മാര്‍ ഉള്‍പ്പെടെ, രാജ്യവ്യാപകമായി 1,202 യു.എസ് പൗരന്മാരാണ് പങ്കെടുത്തത്. വോട്ടെടുപ്പില്‍ 84 ശതമാനം വോട്ടര്‍മാരും അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് പറഞ്ഞു. മെയ് മാസത്തില്‍ നടത്തിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പിന്റെ ഫലങ്ങളില്‍ ഇത് 74 ശതമാനമായിരുന്നു.

ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ ഒരു പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ട്രംപിനുനേരെ 20 കാരന്‍ വെടിയുതിര്‍ത്തത്. തലനാരിഴയ്ക്ക് രക്ഷപെട്ട അദ്ദേഹത്തിന്റെ വലത്തെ ചെവിയുടെ മുകള്‍ ഭാഗത്ത് മുറിവുണ്ടാകുകയും ചെയ്തു. അക്രമിയെ അപ്പോള്‍ത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

1963-ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി കൊല്ലപ്പെടുകയും 1968-ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ സൃഷ്ടിച്ച പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലഘട്ടങ്ങളുടെ ഓര്‍മ്മകള്‍ ഈ വെടിവയ്പ്പ് തിരികെ കൊണ്ടുവന്നു.

2021 ജനുവരി 6-ന് ബൈഡനോടുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാനുള്ള ശ്രമത്തില്‍ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ നടത്തിയ യുഎസ് ക്യാപിറ്റോള്‍ കലാപത്തിന് ശേഷമാണ് രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചുള്ള ഭയം അമേരിക്കയില്‍ കൂടുതല്‍ വളര്‍ന്നത്.

More Stories from this section

family-dental
witywide