
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലിസം ചില മാധ്യമപ്രവര്‍ത്തകരിലേക്കും വ്യാപിച്ചെന്ന് ജി. സുധാകരന്‍ കുറ്റപ്പെടുത്തി.
നാട് നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നുവെന്നും രൂക്ഷഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു.
സുധാകരന്‍ പാര്‍ട്ടിക്കെതിരെ പറയുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും എന്നാല്‍, താന്‍ സാമൂഹികവിമര്‍ശനമാണ് നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.
വിമര്‍ശിക്കുന്നത് ഞങ്ങളെയാണെന്ന് കൂടെ ഉള്ളവര്‍ക്ക് തോന്നിയാല്‍ അവര്‍ തിരുത്തണം. കമ്യൂണിസ്റ്റുകാരന്‍ അഭിപ്രായം തുറന്നുപറയണമെന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.
പ്രസംഗത്തിന്റെപേരില്‍ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും പറഞ്ഞ സുധാകരന്‍, ശ്രീരാമനെയും സീതയെയും കുറിച്ച് തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ പറഞ്ഞത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.