
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കണം. മുമ്പ് ആസൂത്രണം ചെയ്തതുപോലെ 2025ല്‍ ദൗത്യ സംഘത്തിന് പറന്നുയരാനാവില്ല. ഇന്ത്യയുടെ അഭിമാനകരമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണം 2026 ലേക്ക് മാറ്റിവെച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു.
മനുഷ്യ ബഹിരാകാശ യാത്രയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കാനുള്ള ഇസ്രോയുടെ പ്രതിബദ്ധതയാണ് ഈ കാലതാമസത്തിനു കാരണമെന്നുമാണ് നല്‍കുന്ന വിശദീകരണം. ആകാശവാണിയില്‍ (ഓള്‍ ഇന്ത്യ റേഡിയോ) സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിരാകാശയാത്രികരുടെ ഒരു സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ മുകളിലുള്ള ഒരു ഭ്രമണപഥത്തിലേക്ക് മൂന്ന് ദിവസത്തെ പര്യവേഷണത്തിനായി കൊണ്ടുപോകുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.













