
വാഷിംഗ്ടണ്‍: തന്റെ ടെസ്ല സ്‌ക്രീനിലെ ഒരു ബഗ് പരിഹരിക്കാന്‍ എലോണ്‍ മസ്‌കിനോട് ആവശ്യപ്പെടുന്ന ചൈനയിലെ പെണ്‍കുട്ടിയും അതിന് ശതകോടീശ്വരന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍.
ചൈനയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തന്റെ കാറിലെ സ്‌ക്രീനില്‍ ഒരു പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ സഹിതം എക്‌സില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. സ്‌ക്രീനില്‍ വരയ്ക്കുമ്പോള്‍ ചിലത് മാഞ്ഞു പോകുന്നു എന്നതായിരുന്നു കുട്ടിയുടെ പരാതി.
‘ഹലോ മിസ്റ്റര്‍ മസ്‌ക്. ഞാന്‍ ചൈനയില്‍ നിന്നുള്ള മോളിയാണ്. എനിക്ക് നിങ്ങളുടെ കാറിനെക്കുറിച്ച് ഒരു ചോദ്യമുണ്ട്. ഞാന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍, ചിലപ്പോള്‍ വരകള്‍ ഇതുപോലെ അപ്രത്യക്ഷമാകും. നിങ്ങള്‍ ഇത് കാണുന്നുണ്ടോ? അപ്പോള്‍ നിങ്ങള്‍ക്കിത് ശരിയാക്കാമോ? നന്ദി’. എന്നായിരുന്ന ഹ്രസ്വ വീഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞത്. എക്‌സില്‍ ഷെയര്‍ ചെയ്തതുമുതല്‍, വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ഒരു ദശലക്ഷം കാഴ്ചക്കാരേയും 14,000 ലൈക്കുകളും ഇതിനോടകം ഇത് നേടുകയും ചെയ്തു.
Molly decided to report an important bug to Mr. Musk @elonmusk #Tesla $tsla pic.twitter.com/LgqFEPh7qw
— DriveGreenLiveGreen (@DriveGreen80167) June 30, 2024
‘തീര്‍ച്ചയായും’ എന്ന മറുപടിയാണ് മസ്‌ക് കുട്ടിക്ക് നല്‍കിയത്. ഒറ്റവാക്കിലുള്ള മറുപടിയാണെങ്കില്‍പ്പോലും മസ്‌കിനെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. കുട്ടിയുടെ ആവശ്യത്തിനും മസ്‌ക് വേണ്ടത്ര പ്രാധാന്യം കൊടുത്തെന്നും പലരും പ്രതികരിച്ചു. മസ്‌കിന്റെ ശ്രദ്ധയിലേക്ക് ഇത്തരമൊരു പ്രശ്‌നം ചൂണ്ടിക്കാട്ടിയതിന് പെണ്‍കുട്ടിയ്ക്കും അഭിനന്ദന പ്രവാഹമാണ്.