പ്രാര്‍ത്ഥനകള്‍ നിറവേറ്റാത്ത ദൈവങ്ങള്‍ വിചാരണ ചെയ്യപ്പെടും, ശിക്ഷിക്കപ്പെടും, നാടുകടത്തപ്പെടും…ഈ കോടതിയില്‍ ഇങ്ങനാണ് !

മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മനുഷ്യന്‍ തന്നെ ശിക്ഷ വിധിക്കുന്ന നമ്മുടെ കോടതി സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഛത്തീസ്ഗഡിലെ ബസ്തര്‍ എന്ന ഗ്രാമപ്രദേശത്ത് ഒരു കോടതിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ചേരുന്ന ഒരു കോടതി. ഇവിടുത്തെ പ്രത്യേകത എന്തെന്നാല്‍ ഇവിടെ കുറ്റവും ശിക്ഷയും ദൈവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.

ക്ഷേത്രത്തില്‍ യോഗം ചേരുന്ന ഈ കോടതി ദൈവങ്ങളെ കുറ്റക്കാരായി കാണുകയും അവരെ ശിക്ഷിക്കുകയും ചെയ്യുന്നതില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ജനസംഖ്യയുടെ 70 ശതമാനവും ഗോത്രവര്‍ഗക്കാരായ ബസ്തര്‍ മേഖല പുരാണങ്ങളിലും നാടോടിക്കഥകളിലും നിറഞ്ഞുനില്‍ക്കുന്നു. ഗോണ്ട്, മരിയ, ഭത്ര, ഹല്‍ബ, ധുര്‍വ എന്നീ ഗോത്രങ്ങള്‍ പ്രദേശത്തുള്ളത്. പുറത്തുള്ളവര്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത നിരവധി പാരമ്പര്യങ്ങള്‍ അനുഷ്ഠിക്കുകയും ബസ്തറിന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രധാന ഭാഗവുമാണ്.

അത്തരത്തില്‍ വ്യത്യസ്തമായ ഒന്നാണ് ഇവിടുത്തെ ജന്‍ അദാലത്ത് അഥവാ ജനങ്ങളുടെ കോടതി. വര്‍ഷംതോറും മണ്‍സൂണ്‍ കാലത്ത് ഭദോ ജാത്ര ഉത്സവ സമയത്താണ് ക്ഷേത്രത്തില്‍ കോടതി ചേരുക. ഭംഗാരം ദേവി ക്ഷേത്രത്തില്‍ ചേരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍, ക്ഷേത്രത്തിന്റെ ദേവതയായ ഭംഗാരം ദേവിയാണ് വിചാരണയ്ക്ക് നേതൃത്വം നല്‍കുക. അതില്‍ ദൈവങ്ങള്‍ കുറ്റാരോപിതരും മൃഗങ്ങളും പക്ഷികളും എന്തിന് കോഴികള്‍പോലും സാക്ഷികളാകും.

അപ്പോള്‍ ആരാണ് പരാതിക്കാര്‍? ഗ്രാമവാസികളാണ് പരാതിക്കാര്‍. എന്താകും ഇവരുടെ പരാതി? പ്രാര്‍ത്ഥിച്ചിട്ട് നടക്കാതെ പോയ ഏതുകാര്യവും പരാതിയായി മാറും. വിളവെടുപ്പ് പരാജയം മുതല്‍ അസുഖം വരെയുള്ള പരാതികളുന്നയിക്കും. എന്താണ് ശിക്ഷ? ശിക്ഷകള്‍ കഠിനമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആ ദൈവത്തെ നാടുകടത്തും! ദൈവങ്ങളെ എങ്ങനെയാകും നാടുകടത്തുക എന്നു ചോദിച്ചാല്‍- ദൈവങ്ങളായി സങ്കല്‍പ്പിച്ച് ആരാധിക്കുന്ന വിഗ്രഹങ്ങളെയാണ് നാടുകടത്തുക. തടികൊണ്ടുള്ള വിഗ്രഹങ്ങളാണ് ഇവിടെ അധികവും, നാടുകടത്തപ്പെടുന്ന വിഗ്രഹങ്ങള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് സാരം.

ശിക്ഷയുടെ കാലാവധിയെക്കുറിച്ച് പറഞ്ഞാല്‍ ചിലപ്പോള്‍, ഈ ശിക്ഷ ജീവപര്യന്തമോ അല്ലെങ്കില്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുന്നതുവരെയോ ആയിരിക്കും. ഒന്നും രണ്ടുമല്ല, 240 ഓളം ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ വിചാരണയില്‍ ദൈവങ്ങളെ കാണാന്‍ ഒത്തുകൂടും. അവര്‍ക്കായി ഒരു വിരുന്നും സംഘടിപ്പിക്കും.

ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിന്റെ പ്രതീകമായാണ് ഈ ഉത്സവത്തിന് കാണുന്നത്, ദൈവങ്ങള്‍ പോലും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്ന ആശയമാണ് ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്. ഭംഗാരം ദേവി ക്ഷേത്രത്തിലെ വിചാരണകള്‍ ശിക്ഷ മാത്രമല്ല, നവീകരണവും കൂടിയാണ്. തങ്ങളെത്തന്നെ വീണ്ടെടുക്കാന്‍ ദൈവങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതൊക്കെയിരിക്കട്ടെ, പ്രതിയേയും വാദിയേയും കണ്ടു. ഇനി ആരാണ് ഇവര്‍ക്കുവേണ്ടി അഭിഭാഷകരാകുക എന്നറിയാമോ? ഗ്രാമത്തിലെ നേതാക്കളാണ് ആ ജോലി ഏറ്റെടുക്കുക.

ശിക്ഷിക്കപ്പെട്ട ദൈവങ്ങളെ എന്തുചെയ്യും? ക്ഷേത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചിലപ്പോള്‍ മരങ്ങള്‍ക്കടിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. അതെന്തിനെന്ന് ചോദിച്ചാല്‍, അതൊരു പ്രതീകാത്മക തടവറയാണ്. വിഗ്രഹങ്ങളിലെ സ്വര്‍ണ്ണമോ വെള്ളിയോ അലങ്കാരങ്ങള്‍ നീക്കം ചെയ്യാതെയാണ് ‘തടവറ’ ശിക്ഷ വിധിക്കുന്നത്. അപ്പോള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പമായെന്ന് ചിന്തിക്കാന്‍ വരട്ടെ, ദൈവങ്ങളുടെ ആഭരണങ്ങളും വിലപിടിപ്പുള്ളതൊന്നും ഇവിടെനിന്നും ആരും മോഷ്ടിക്കില്ല. ഇത്തരമൊരു പ്രവൃത്തി ദൈവഭയത്താല്‍ ആരും ചെയ്യില്ല. ദൈവം ശിക്ഷ നല്‍കുമെന്നാണ് ആദിവാസികള്‍ വിശ്വസിക്കുന്നത്.

സാധാരണ കോടതിയിലെപ്പോലെ ഇവിടെയും അപ്പീല്‍ നല്‍കാം. ശിക്ഷ വിധിച്ച ഭംഗാരം ദേവിക്ക് മുമ്പാകെ തന്നെയാണ് അപ്പീലുകള്‍ ഫയല്‍ ചെയ്യേണ്ടത്. നാടുകടത്തപ്പെട്ട ദൈവങ്ങള്‍ പാപമോചനം തേടുകയും ദേവിയെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍, അവരുടെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ച് അവര്‍ക്ക് ക്ഷേത്രത്തിലേക്ക് മടങ്ങാമെന്നതും ശിക്ഷയിളവില്‍ ഉള്‍പ്പെടുന്നു.

ഏതൊരു കോടതിയെയും പോലെ, എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ പട്ടികപ്പെടുത്തുന്ന ഒരു രേഖ ഇവരും സൂക്ഷിക്കുന്നതായും, പ്രതികളുടെ എണ്ണം, അവരില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍, സാക്ഷികള്‍, അന്തിമ വിധിന്യായങ്ങള്‍, എത്ര ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്നതു വരെയുള്ള എല്ലാ കാര്യങ്ങളും രേഖപ്പെടുത്താറുമുണ്ടെന്നും ക്ഷേത്ര കമ്മറ്റിയംഗം ഫാര്‍സു സലാം പറഞ്ഞു.

ബസ്തറിലെ ഗോത്രങ്ങളുടെ ദൈവങ്ങളെ സംബന്ധിച്ച് പ്രാദേശിക നാടോടിക്കഥകളില്‍ പറയുന്ന രസകരമായ ഒരു കാര്യമുണ്ട്. ദൈവങ്ങളില്‍ പലരും മുമ്പ് മനുഷ്യരായിരുന്നു, അവര്‍ ചെയ്ത നന്മകള്‍ക്കൊണ്ട് ദൈവിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭൈരംദേവ് രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

More Stories from this section

family-dental
witywide