
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതിന് പിന്നാലുണ്ടായ സംഘർഷത്തിൽ മരണസഖ്യ 6 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷാവസ്ഥക്ക് അയവ് വരുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. നിലവിൽ സംഘർഷാവസ്ഥക്ക് നേരിയ അയവ് വന്നിട്ടുണ്ടെന്നാണ് വിവരം. സംഘർഷത്തിൽ കടുത്ത നടപടികളെടുക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.
ഉത്തരാഖണ്ഡ് സംഘർഷത്തിൽ നേരിട്ട് അറിയുന്ന 19 പേർക്കെതിരെയും കണ്ടാൽ അറിയുന്ന അയ്യായിരത്തിലേറെ പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. 5 പേരെ ഇതുവരെ അറസ്റ്റ് ചെയ്തെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി. ആദ്യമെടുത്ത കേസുകൾക്ക് പുറമെ മൂന്ന് കേസുകൾ കൂടി എടുത്തതായും പൊലീസ് അറിയിച്ചു. സംഘർഷത്തെ സംബന്ധിച്ച വിവരങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നാണ് കേന്ദ്ര സർക്കാരിനെ ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചത്. സംഘർഷത്തിനിടയിൽ മരിച്ച ഫയീം, ഷാനവാസ്, അനസ്, സാഹിദ്, പ്രകാശ് കുമാർ എന്നിവരുടെ മരണകാരണം തോക്കിൽനിന്നുള്ള വെടിയേറ്റതാണെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്കാണ് വെടിവച്ചതെന്ന പൊലീസ് അവകാശവാദം നിലനിൽക്കെയാണ് മരിച്ചവരുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതും വലിയ വിവാദമായി മാറുന്നുണ്ട്.
Haldwani Violence latest news 6 Dead, Over 100 Injured In Uttarakhand










