
ടെൽ അവീവ്: ഗാസയിൽ തങ്ങളുടെ കൈവശമുള്ള ഇസ്രായേലി ബന്ദിയുടെ പുതിയ വിഡിയോ പുറത്തുവിട്ട് ഹമാസ്. 20കാരനായ ഏദൻ അലക്സാണ്ടറിന്റെ വിഡിയോയാണ് പുറത്തുവിട്ടത്. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ഇയാൾ ഗസ്സ അതിർത്തിയിൽ സൈനിക സേവനത്തിലിരിക്കെയാണ് ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെടുന്നത്.
മൂന്നര മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ തന്നെ തിരികെ എത്തിക്കാൻ ഇസ്രായേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഏദൻ ആവശ്യപ്പെടുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ബന്ദികളെ അവഗണിച്ചതിൽ നിരാശയുണ്ടെന്ന് ഏദൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ഭയവും ഒറ്റപ്പെടലും ഞങ്ങളെ കൊല്ലുകയാണ്. സർക്കാർ ചെയ്ത തെറ്റിന് ഞങ്ങൾ വിലകൊടുക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. എല്ലാ ദിവസവും ജനം തെരുവിലിറങ്ങി സർക്കാരിനെ സമ്മർദ്ദത്തിലാക്കണമെന്നും അലക്സാണ്ടർ പറഞ്ഞു.
ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചർച്ച നടത്താൻ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കണമെന്നും ട്രംപിനോട് വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ ചെയ്ത തെറ്റുകൾ താങ്കൾ ആവർത്തിക്കരുത്. അദ്ദേഹം അയച്ച ആയുധങ്ങൾ ഇപ്പോൾ ഞങ്ങളെ കൊല്ലുകയാണെന്നും അലക്സാണ്ടർ പറയുന്നു.
Hamas Release hostage video