
ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ 63-ാമത് മേയറായി ജോണ്‍ വിറ്റ്മയര്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ബൈബിളില്‍ കൈവെച്ചായിരുന്നു ജോണ്‍ വിറ്റ്മയറുടെ സത്യപ്രതിജ്ഞ. പൊതു സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലുമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേയറായുള്ള ഔദ്യോഗിക ജീവിതം തന്റെ പൊതുസേവനത്തിന്റെ തുടര്‍ച്ചയായും ഒരു വിളിയായും കാണുന്നുവെന്ന് 74 കാരനായ വിറ്റ്മയര്‍ പറഞ്ഞു. ഹ്യൂസ്റ്റണ്‍ മേയറായിരുന്ന സില്‍വെസ്റ്റര്‍ ടര്‍ണറുടെ കാലാവധി ഡിസംബര്‍ 31 നു അവസാനിച്ച സാഹചര്യത്തിലാണ് വിറ്റ്മയറുടെ സത്യപ്രതിജ്ഞ.
1983ലാണ് വിറ്റ്മയര്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കടുപ്പമേറിയതും മികച്ചതുമായ ഭരണം നടത്തുമെന്ന് വാഗ്ദാനം ചെയ്ത വിറ്റ്മയര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളുമായി മികച്ച രീതിയില്‍ സഹകരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിറ്റ്മയര്‍ പറഞ്ഞു.