
വാഷിംഗ്ടണ്‍: അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധവിമാനങ്ങളും കപ്പലുകളും അന്തര്‍വാഹിനികളും ഒറ്റരാത്രികൊണ്ട് യെമനിലുടനീളം ഡസന്‍ കണക്കിന് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ഹൂത്തി സേനയെ ‘ഭീകര’ ഗ്രൂപ്പെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഹൂതികള്‍ ‘അതിക്രമം’ തുടര്‍ന്നാല്‍ വാഷിംഗ്ടണ്‍ അവരോട് പ്രതികരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തോടുള്ള പ്രതികരണമായി ഇറാന്‍ പിന്തുണയുള്ള പോരാളികള്‍ ചെങ്കടലില്‍ മാസങ്ങളോളം നടത്തിയ ആക്രമണങ്ങളുടെ പ്രതികാരമായാണ് യെമനിലെ തങ്ങളുടെ ആക്രമണമെന്ന് ലണ്ടനും വാഷിംഗ്ടണും പറയുന്നു. ഗാസ സംഘര്‍ഷം വിപുലീകരിക്കുന്നതിന്റെ നാളിതുവരെയുള്ള ഏറ്റവും നാടകീയമായ പ്രകടനങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്.
ഹൂതികളെ തീവ്രവാദി സംഘം എന്ന് വിളിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍, ”അവര്‍ തീവ്രവാദികള്‍ ആണെന്ന് ഞാന്‍ കരുതുന്നു, എന്നാണ് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
യെമനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
ഇറാന്‍ പിന്തുണയുള്ള സായുധ പ്രസ്ഥാനമായ ഹൂതികള്‍, കഴിഞ്ഞ ദശകത്തില്‍ യെമന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര പാതകളിലൊന്നായ ചെങ്കടലില്‍ ഒക്ടോബര്‍ മുതല്‍ കപ്പലുകളെ ആക്രമിക്കുകയും ഗതാഗതം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ് ഹൂതികള്‍. ആക്രമണങ്ങള്‍ കപ്പലുകളെ ഗതി മാറ്റാനും ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ സ്വീകരിക്കാനും നിര്‍ബന്ധിതരാക്കി.
ഹമാസ് ഭരിക്കുന്ന ഗാസയില്‍ ഇസ്രായേല്‍ ഉപരോധിച്ച ഫലസ്തീനികള്‍ക്കുള്ള പിന്തുണയാണ് തങ്ങളുടെ ആക്രമണമെന്ന് ഹൂതികള്‍ പറയുന്നു.














