കേരളത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടും ഭൂരിപക്ഷവും എത്ര? രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞോ?

വയനാട്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മത്സരം തന്നെയാണ്. വയനാട് മണ്ഡലത്തില്‍ രണ്ടാംതവണയും രാഹുല്‍ വിജയിച്ചു. പക്ഷെ, ഭൂരിപക്ഷം കുറഞ്ഞു. 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ്  ഇത്തവണ രാഹുലിന്. 

ആകെ കിട്ടിയ വോട്ട്  647445. 2019ല്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 വോട്ടായിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയായി ആനി രാജയും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനും എത്തിയത് വയനാട്ടില്‍ നല്ല മത്സരം തന്നെയായി. ആനി രാജ 283023 വോട്ടും കെ.സുരേന്ദ്രന്‍ 141045 വോട്ടും പിടിച്ചു.

വടകര

തികച്ചും ഏകപക്ഷീയമായിട്ടായിരുന്നു വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സി.പി.എം. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞില്ല. 114506 വോട്ടിന്റെ ആധികാരികമായ വിജയമാണ് ഷാഫി നേടിയത്. കഴിഞ്ഞ തവണ കെ. മുരളീധരന്‍ നേടിയ 84663 വോട്ടിന്റെ ഭൂരിപക്ഷം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഷാഫിക്ക് സാധിച്ചു. 443022 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ പിടിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഫുല്‍ കൃഷ്ണന്‍ 11979 വോട്ടും നേടി.

കാസര്‍ക്കോട്

കന്നട അതിർത്തിക്ക് തൊട്ടടുത്തുള്ള  കാസര്‍കോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് ,കൊല്ലംകാരനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 1.00,649 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്  രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.  2019-ല്‍ കാസര്‍കോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തില്‍ 40,438 വോട്ടായിരുന്നു ഭൂരിപക്ഷം.  കാസർകോടുകാർ ഉണ്ണിച്ച എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഉണ്ണിത്താന് ഇത്തവണ മൽസരം കടുപ്പമായിരിക്കും എന്നായിരുന്നു വിലയിരുത്തൽ.  രാജ്മോഹന്‍ ഉണ്ണിത്താന്‍ 4,90,659 വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായി എം.വി. ബാലകൃഷ്ണന്‍ 3,90,010 വോട്ടുകളാണ് നേടിയത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ എം.എല്‍. അശ്വിനി 1,29,558 വോട്ടുകളും നേടി.

കണ്ണൂര്‍

രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കിയ മണ്ഡലമാണ് കണ്ണൂർ. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും ഏറ്റുമുട്ടിയ മത്സരം. കണ്ണൂരിൽ പക്ഷേ സുധാകരനെ സുന്ദരമായി ജയിപ്പിച്ചു.  1,08,982 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരന്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. 518524 വോട്ടുകള്‍ സുധാകരന്‍ നേടിയപ്പോള്‍ ജയരാജന് ലഭിച്ചത് 409542 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി. രഘുനാഥ് 119876 വോട്ടുകള്‍ നേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും വോട്ട് ബിജെപി കണ്ണൂരിൽ പിടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരന്റെ വിജയം എന്നത് ശ്രദ്ധേയമാണ്.

കോഴിക്കോട്

നാലാം തവണയും വിജയക്കൊടി പാറിച്ച് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്‍. മണ്ഡലത്തിന് ഇടതു സ്വഭാവമാണെങ്കിലും രാഘവൻ കണ്ണൂർക്കാരനാണെങ്കിലും കോഴിക്കോട്ടുകാർ രാഘവേട്ടനെ തോൽപ്പിക്കാൻ ഒരുക്കമല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 146176 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം കെ രാഘവൻ വിജയിച്ചത്. സിപിഎം സ്ഥാനാർഥി എളമരം കരിം രണ്ടാമതും ബിജെപി സ്ഥാനാർഥി എം ടി രമേശ് മൂന്നാമതുമായി. എം കെ രാഘവൻ 520421 വോട്ടു നേടിയാണ് മികച്ച വിജയം നേടിയത്. എളമരം കരീമിന് 374,245 വോട്ടും രമേശിന് 180666 വോട്ടും ലഭിച്ചു.

മലപ്പുറം

 മുസ്ലിം ലീഗിന്‍റെ ഇ ടി മുഹമ്മദ് ബഷീറിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം. 300118 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. സിപിഎമ്മിലെ വി വസീഫ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. വസീഫിന്  343888 വോട്ടുകളാണ് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീർ 644006 വോട്ടുകള്‍‌ നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. അബ്ദുള്‍ സലാമിന് 85,361 വോട്ടും കിട്ടി.

പൊന്നാനി

മുസ്ളീം ലീഗിന്റെ കരുത്ത് തെളിയിച്ചു തന്നെയായിരുന്നു പൊന്നാനി മണ്ഡലത്തില്‍ ഡോ. അബ്ദുസമദ് സമദാനിയുടെ വിജയം. 2,35,760 വോട്ടിന്റെ ഭൂരിപക്ഷം സമദാനി നേടി. 5,62,516 വോട്ടാണ് സമദാനിക്ക് ആകെ കിട്ടിയത്. രണ്ടാമതെത്തിയ സിപിഎം സ്ഥാനാര്‍ത്ഥി കെ.എസ്.ഹംസക്ക് 326756 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത 124798 വോട്ടും നേടി.

പാലക്കാട്

785283 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിപിഎം കേന്ദ്ര നേതാവുമായ എ.വിജയരാഘവനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന്‍ തോല്പിച്ചത്. 421169 വോട്ട് ശ്രീകണ്ഠന്‍ നേടിയപ്പോള്‍ വിജയരാഘവന് കട്ടിയത് 3,45,886 വോട്ടുമാത്രം. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാർ 2,51,778 വോട്ട് പിടിച്ചു.

ആലത്തൂര്‍

കേരളത്തില്‍ എല്‍.ഡി.എഫിന് കിട്ടിയ ഏക സീറ്റ് ആലത്തൂരിലേതാണ്. 20111 വോട്ടിനാണ് സിറ്റിംഗ് അംഗമായിരുന്ന യു.ഡി.എഫിന്റെ രമ്യ ഹരിദാസിനെ സിപിഎം നേതാവ് കെ.രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. 4,03,447 വോട്ട് രാധാകൃഷ്ണന്‍ പിടിച്ചപ്പോള്‍ രമ്യഹരിദാസിന് കിട്ടിയത് 3,83,336 വോട്ടാണ്. ബിജെപിയുടെ ഡോ.ടി.എന്‍.സരസു 1,88,230 വോട്ടും നേടി.  

തൃശൂര്‍

ഇത്തവണ തൃശൂര്‍ സുരേഷ് ഗോപി എടുത്തു. കേരളത്തില്‍ ആദ്യമായി ലോക്സഭയിലേക്ക് താമര വിരിയിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വിജയം. ശക്തരായ കെ.മുരളീധരനെയും വി.എസ്.സുനില്‍കുമാറിനെയും പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ വിജയം. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിജയം. കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് 337652 വോട്ടാണ് കിട്ടിയത്. മുരളീധരന് കിട്ടിയത് 328124 വോട്ട്. 

ചാലക്കുടി

ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചു. 63754 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബെന്നി ബെഹനാന്റെ വിജയം. 394171 വോട്ടാണ് ബെന്നി ബെഹനാന് കിട്ടിയത്. രണ്ടാമതെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.രവീന്ദ്രനാഥിന് 3,30,417 വോട്ടും കിട്ടി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.കെ.ഉണ്ണികൃഷ്ണന്‍ 106400 വോട്ടും നേടി. 

എറണാകുളം

 യു.ഡി.എഫ്. കോട്ടയായ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. ഹൈബി ഈഡനെ മറിച്ചിടാന്‍ മാത്രമുള്ള എതിരൊഴുക്കുകളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല.  2019ല്‍ നേടിയ 1.69 ലക്ഷത്തിന്റെ ഭൂരിപക്ഷം കാറ്റില്‍പറത്തി  രണ്ടര ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടി ഹൈബി. കഴിഞ്ഞ തവണത്തെക്കാൾ 9 ശതമാനം പോളിങ് കുറഞ്ഞിരുന്നു ഇത്തവണ എറണാകുളത്ത്.  എന്നിട്ടും  ഹൈബിയ്ക്ക് ഇത്തവണ 4,82,317 വോട്ടുകള്‍ നേടാനായി. എന്നാല്‍, കഴിഞ്ഞവട്ടം  എൽഡിഎഫിന്റെ  പി.രാജീവ് 3,22,110 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ കെ.ജെ.ഷൈനിന് കിട്ടിയത് 2,31,932 വോട്ടുകള്‍ മാത്രമാണ്.  കെ.എസ്.രാധാകൃഷ്ണനിലൂടെ പരമ്പരാഗത വോട്ടുകള്‍ സമാഹരിക്കാനിറങ്ങിയ എന്‍.ഡി.എയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കിട്ടിയത് 1,44,500 വോട്ട്.

കോട്ടയം

കോട്ടയത്ത് ഏറ്റുമുട്ടിയത് കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിൽ. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു ഇവരുടെ പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോറിക്ഷ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്, യുഡിഎഫിന് അവകാശപ്പെട്ടതാണ്. 87266 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഫ്രാൻസിസ് ജോർജ് വിജയിച്ചത്. ആകെ കിട്ടിയ വോട്ട് 3,64,631. എല്‍ .ഡി.എഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന്‍ 2,77365 വോട്ട് മാത്രമാണ് പിടിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് 1,65046 വോട്ട് കിട്ടി.  

ഇടുക്കി

ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്തി ഡീന്‍കുര്യാക്കോസ് വിജയം ആവര്‍ത്തിച്ചു. 1,33,727 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ ഇടുക്കിയില്‍ നേടി. ആകെ കിട്ടിയ വോട്ട് – 432372. രണ്ടാമതെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് 298645 വോട്ടും നേടി. ബിജെപിക്ക് വേണ്ടി മത്സരിച്ച അഡ്വ. സംഗീത വിശ്വാനാഥന്‍ 91,323 വോട്ടുകള്‍ നേടി.

മാവേലിക്കര

തുടര്‍ച്ചയായ നാലാം തവണയാണ് മാവേലിക്കരക്കാര്‍ യുഡിഎഫിന്റെ കൊടിക്കുന്നിലിനെ ഡല്‍ഹിയിലേക്ക് അയക്കുന്നത്. ഇത്തവണ 10868 വോട്ടുകള്‍ക്കാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നില്‍ സുരേഷിനെ വിജയിപ്പിച്ചത്. 369516 വോട്ടുകളാണ് കൊടിക്കുന്നില്‍ പിടിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ സി എ അരുണ്‍കുമാറിന് 358648 വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബൈജു കലാശാലക്ക് 142984 വോട്ടും ലഭിച്ചു

പത്തനംതിട്ട

66119 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയോ പത്തനംതിട്ട വീണ്ടും ലോക്സഭയിലേക്ക് അയച്ചത്. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതും എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതും പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ആവേശം കൂട്ടിയിരുന്നു. പക്ഷെ ഇത്തവണയും പത്തനംതിട്ട ആന്റോ ആന്റണിക്കൊപ്പം നിന്നു. 367623 വോട്ടാണ് ആന്റോ ആന്റണിക്ക് കിട്ടിയത്. രണ്ടാമതെത്തിയ തോമസ് ഐസകിന് 3,01,504 വോട്ടും ലഭിച്ചു. ഏറ്റവും ശ്രദ്ധേയമായത് മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പിടിച്ച വോട്ടാണ്. 234406 വോട്ട് അനില്‍ ആന്റണിക്ക് കിട്ടി.

കൊല്ലം 

യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് ഉജ്ജ്വല വിജയം. 150302 വോട്ടിന്‍റെ ഭൂപരിപക്ഷം. 443628 വോട്ടാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്. 293326 വോട്ടോടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എംഎൽഎ എം മുകേഷ് രണ്ടാം സ്ഥാനത്താണുള്ളത്. 163210 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന് ലഭിച്ചത്.  2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർഎസ്പിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ്റേത് ഇത്തവണ ഹാട്രിക്.

ആലപ്പുഴ

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി.വോണുഗോപാലിനെയാണ് ഇത്തവണ ആലപ്പുഴ ലോക്സഭയിലേക്ക് അയക്കുന്നത്. സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിന്റെ എ.എം.ആരിഫിനെ 63513 വോട്ടിനാണ് കെ.സി പരാജയപ്പെടുത്തിയത്. 404560 വോട്ടാണ് ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന് കിട്ടിയത്. എ.എം.ആരിഫിന് 341047 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് 299648 വോട്ടും ലഭിച്ചു. 

ആറ്റിങ്ങല്‍

അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമായിരുന്നു ആറ്റിങ്ങല്‍. ശക്തമായ ത്രികോണ മത്സരം. പോസ്റ്റല്‍ ബാലറ്റില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതടക്കം നിരവധി നാടകീയ രംഗങ്ങള്‍ക്ക് ആറ്റിങ്ങല്‍ സാക്ഷിയായി. കേരളത്തില്‍ ഏറ്റവും ചെറിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലം കൂടിയാണ് ആറ്റിങ്ങള്‍. വിജയിച്ച യു.ഡി.എഫിന്റെ അടൂര്‍പ്രകാശിന് 684 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 328051 വോട്ട് അടൂര്‍ പ്രകാശ് പിടിച്ചപ്പോള്‍ തൊട്ടുപിന്നില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ജോയി 3,27,361. അതിന് തൊട്ടരുകില്‍ തന്നെയായിരുന്നു ബിജെപിയുടെ സംസ്ഥാനത്തെ കരുത്തനായ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെയും വോട്ട്. 3,11,779 വോട്ട് ഇവിടെ മുരളീധരന്‍ പിടിച്ചു. വി.ജോയിയെക്കാളും 16,779 വോട്ടിന്റെ വ്യത്യാസമേ വി.മുരളീധരന് ഉണ്ടായിരുന്നുള്ളു.

തിരുവനന്തപുരം

വലിയ പോരാട്ടം തന്നെയായിരുന്നു തിരുവനന്തപുരം മണ്ഡലത്തില്‍ അവസാന നിമിഷം വരെ. ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖറായിരുന്നു. 20,000 ത്തിന് മുകളില്‍ വരെ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് ഉയര്‍ന്നു. എന്നാല്‍ നഗരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വോട്ടെണ്ണിത്തുടങ്ങിയതോടെ ശശി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു. അവസാന നിമിഷത്തില്‍ നടത്തിയ തിരിച്ചുവരാണ് തരൂരിനെ വിജയിച്ചിപ്പതെന്ന് പറയാം. 16,077 വോട്ടിന്റെ ലീഡ് മാത്രമെ തരൂരിന് കിട്ടിയുള്ളു. രണ്ടാംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖര്‍ 3,42,078 വോട്ടുകള്‍ പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് 2,47,648 വോട്ടുകളേ പിടിക്കാനായുള്ളു.

How did kerala vote this time?

More Stories from this section

family-dental
witywide